കുറ്റ്യാടി: റേഷൻ കടകളിലേക്ക് സംവരണ വിഭാഗത്തിൽ നിന്ന് പുതിയ ലൈസൻസികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതോടെ താത്ക്കാലിക ജീവനക്കാർ ആശങ്കയിൽ. മലയോര മേഖലയിലെ വിവിധ റേഷൻ കടകളിൽ വർഷങ്ങളായി താത്ക്കാലിക ലൈസൻസിയിലും സെയിൽസ്മാൻമാരായും പ്രവൃത്തിച്ചു വരുന്നവരെ മാറ്റി നിറുത്തി പുതിയ അപേക്ഷ ക്ഷണിക്കുന്നത് റേഷൻ കട നടത്തി വരുന്നവരുടെ ജോലി ഇല്ലാതാക്കുന്ന സാഹചര്യമാണ്. കാവിലുംപാറ, കുറ്റ്യാടി, മുള്ളൻകുന്ന്, തളീക്കര, അടുക്കത്ത് ഭാഗങ്ങളിൽ വർഷങ്ങളായി റേഷൻ കടകളിലെ സെയിൽസ് മാൻമാരും താത്കാലിക ലൈസൻസിപ്രകാരം നടത്തി വരുന്നവരുമാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.
റേഷൻകടകളിൽ ജോലി ചെയ്തു വന്നിരുന്ന മാനേജർമാർ പല കാരണങ്ങളാൽ കട ഒഴിവാക്കിയപ്പോൾ സെയിൽസ് മാൻമാരായി ജോലി നോക്കിയിരുന്ന ഇവർക്ക് മുൻഗണന നൽകി ജോലി സ്ഥിരപെടുത്തണമെന്ന് മന്ത്രിതലത്തിലും ഉദ്യോഗതലത്തിലും നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു.കൂടാതെ അതാത് റേഷൻ കടകളിൽ പത്ത് വർഷക്കാലം ജോലി ചെയ്ത് വരുന്ന സെയിൽസ് മാൻമാർക്ക് ജോലി സ്ഥിരത നൽകുമെന്ന് 2021ൽ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. എന്നാൽ ഈ തീരുമാനമാണ് പുതിയ ലൈസൻസ് നൽകുന്നതിലൂടെ ഇല്ലാതാകുന്നത്.
ദിവസേന രാവിലെ എട്ട് മണി മുതൽ പന്ത്രണ്ട് മണിവരെയും തുടർന്ന് നാല് മണി മുതൽ ഏഴ് മണി വരെയുമുള്ള ജോലി സമയത്ത് ഏകദേശം നൂറിലധികം ഗുണഭോക്താക്കളാണ് റേഷൻ കടകളിൽ എത്തുന്നത്. കൊവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും ചിന്തിക്കാതെ സർക്കാർ നൽകിയ കിറ്റുകളും മറ്റും കാർഡ് ഉടമകൾക്ക് വിതരണം ചെയ്ത ഇവർക്ക് നിലവിൽ മറ്റൊരു ജോലി ലഭ്യമാകുക എന്നത് ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ റേഷൻ കടകൾ നടത്താൻ പുതിയ അപേക്ഷ സമർപ്പിക്കണമെന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും നിലവിൽ റേഷൻ കട നടത്തിവരുന്നവർക്ക് തന്നെ തുടർന്നും കട നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.