വടകര: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ വടകര സാന്റ്ബാങ്ക്സിൽ ഇഴജന്തുക്കൾ സ്ഥിരതാമസമാക്കിയത് സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സാന്റ്ബാങ്ക്സിലെ കവാടത്തിൽ നിന്നും ഒന്നര മീറ്റർ വലുപ്പമുള്ള പാമ്പിനെ പിടിച്ച് വന്യജീവി വകുപ്പിന് കൈമാറിയിരുന്നു. മുള്ളൻ പന്നി, ഉടുമ്പ്, കാട്ടുപൂച്ച തുടങ്ങി ജീവികളും ഇവിടെ വിലസുകയാണ്. പാമ്പുകളെ വന്യജീവി വനം വകുപ്പ് അധികൃതരെ അറിയിച്ച് ' കൈമാറലാണ് പതിവ്. പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ച് കൊണ്ട് പോകുന്നതിനുള്ള നടപടികൾ വാർഡ് കൌൺസിലർ പി വി ഹാഷിമിന്റെ നേതൃത്വത്തിൽ നടന്നു.സാന്റ്ബാങ്ക്സിൽ മലം പാമ്പ്, അണലി, പെരുമ്പാമ്പ്, മണ്ഡലി, തുടങ്ങിയ ഇനം പാമ്പുകളെ കഴിഞ്ഞ കുറച്ച് കാലമായി കണ്ട് വരികയാണ്.

കഴിഞ്ഞ പ്രളയത്തെത്തുടർന്നാണ് സാന്റ്ബാങ്ക്സിന്റെ പരിസരങ്ങളിലേക്ക് ഇഴജന്തുക്കളെത്തുന്നത്. പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല.