കൽപ്പറ്റ: വിവിധ എണ്ണ കമ്പനികളിൽ ടാങ്കർ ലോറികൾ നടത്തുന്ന പണിമുടക്കിനെ തുടർന്ന് ജില്ലയിൽ ഇന്ധന ക്ഷാമത്തിന് സാധ്യത. മോട്ടോർ വാഹന വകുപ്പ് ടാങ്കർ ലോറികൾക്കെതിരെ അനാവശ്യമായി പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സമരം.
ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്.പി.സി എന്നീ കമ്പനികളിൽ നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ പെട്രോളും ഡീസലും എത്തുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഈ കമ്പനികളിൽ ടാങ്കർ ഡ്രൈവർമാർ വാഹനങ്ങൾ നിർത്തിയിട്ട് സമരം തുടങ്ങിയത്.
ഡ്രൈവർമാർക്ക് പുറമേ വാഹനങ്ങളിൽ ഹെൽപ്പർമാരും നിർബന്ധമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഇത് അംഗീകരിക്കാൻ ടാങ്കർ ഡ്രൈവർമാർ തയ്യാറാകുന്നില്ല. ഇത് അടക്കമുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. സമരം ഉടൻ തീർന്നില്ലെങ്കിൽ കടുത്ത ഇന്ധന ക്ഷാമത്തിന് കാരണമാകും.
ഇന്നലെ വൈകുന്നേരത്തോടെ കൽപ്പറ്റയിലെ രണ്ടു പമ്പുകളിൽ പെട്രോളും ഡീസലും തീർന്നു. മറ്റു പമ്പുകളിൽ ഇന്ന് കൂടി വിൽപ്പന നടത്താനുള്ള ഇന്ധനം മാത്രമേ സ്റ്റോക്ക് ഉള്ളൂ. അതുകൂടി തീർന്നാൽ ഇന്ധനത്തിന് കടുത്ത ക്ഷാമമാവും ഉണ്ടാവുക.