ayoob
അയൂബ്

മാനന്തവാടി: നാലു വർഷമായി പൊലീസ് അന്വേഷിച്ച് വരികയായിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാംമൈൽ കുനിയിൽ അയൂബ് (41), ഇയാളിൽ നിന്ന് മോഷണമുതലുകൾ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര, ബിച്ച മൻസിലിൽ അബ്ദുൾനാസർ എന്ന ആഷിക്ക് (54) എന്നിവരാണ് പിടിയിലായത്.

2006 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ അയൂബിന്റെ പേരിൽ മോഷണകേസ് രജിസ്റ്റർ ചെയ്തിരുന്നു. 2008 ൽ നടക്കാവ് സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ, ചേവായൂർ സ്റ്റേഷൻ എന്നിവിടങ്ങളിലും കേസുകളിൽ പ്രതിയായിരുന്നു. ഈ കേസുകളിൽ പിടിക്കപ്പെട്ട് 6 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു.

2014ൽ അഞ്ചാംമൈൽ നുച്ചിയൻ മൊയ്തുവിന്റെ വീട്ടിൽ നിന്ന് പത്തര പവനും ഒന്നേമുക്കാൽ ലക്ഷം രൂപയും മോഷ്ടിച്ചു. പുതുശ്ശേരി കടവ് അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 8 പവൻ, 2016ൽ വാരാമ്പറ്റ സ്വദേശി ആയിഷയുടെ വീട്ടിൽ നിന്ന് 20 പവനും 34000 രൂപയും, 2018ൽ എടവക ചുണ്ടമുക്ക് അടുവത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നിന്ന് 28.5 പവൻ, അഞ്ചാം മൈൽ കാട്ടിൽ ഉസ്മാന്റെ വീട്ടിൽ നിന്ന് 30 പവൻ എന്നിങ്ങനെ മോഷണം നടത്തി.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അയൂബ് ഓട്ടംപോകുന്ന വീടുകൾ നോക്കിവെച്ച ശേഷമായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷണത്തിനുള്ള സാമഗ്രികളും വാഹനത്തിൽ സൂക്ഷിച്ചിരുന്നു.

2018 ന് ശേഷം ഒളിവിൽ പോയ ഇയാൾ തമിഴ്നാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ റഷീദ് എന്ന പേരിൽ മാസ്‌ക്ക് കച്ചവടക്കാരനും ഡ്രൈവറും ഹോട്ടൽ തൊഴിലാളിയുമൊക്കെയായി കഴിയുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതോടെ പൊലീസ്
എറണാകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രന്റെ മേൽനോട്ടത്തിൽ സി.ഐ എം.എം.അബ്ദുൾകരീം, എസ്.ഐ ബിജു ആന്റണി, പ്രബോഷൻ എസ്.ഐ വിഷ്ണുരാജ്, എ.എസ്.ഐ മാരായ എം.സന്ദീപ്, മെർവിൻ ഡിക്രൂസ്, എ.നൗഷാദ്, സീനിയർ സിപിഒ മാരായ റോയ് തോമസ്, വി.ബഷീർ, സി.പി.ഒ മാരായ കെ.എം.അഫ്സൽ, എം.എ.സുധീഷ്, പി.എസ്.അജീഷ്, ജിക്സൺ ജെയിംസ്, ഡ്രൈവർമാരായ കെ.വി.ബൈജു, ബി.ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അയൂബിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.