സുൽത്താൻ ബത്തേരി: പ്രിയപ്പെട്ട പഴങ്ങളായ ചക്കയും മാങ്ങയും തിന്നാൻ കാട്ടാനകൾ നാട്ടിൻപുറത്തേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രി ഓടപ്പള്ളത്ത് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന ഗൗരീശങ്കരത്തിൽ കെ.ഗിരീഷിന്റെ വീടിന്റെ ഗെയിറ്റും മതിലും തകർത്താണ് മാങ്ങ പറിച്ച് തിന്നത്.
സമീപത്തുള്ള ഉഴുന്നേൽ മധു നടേഷിന്റെ വീട്ടുമുറ്റത്തുള്ള ചക്കകളും ആന ഭക്ഷണമാക്കി. പരിസരവാസികളുടെ വേലിയെല്ലാം തകർത്താണ് ആന ചക്കയും മാങ്ങയും തേടി നടന്നത്.
തൊട്ടടുത്ത വനമേഖലയിലെ പ്രതിരോധ വേലി തകർത്താണ് ആനകൾ നാട്ടിലിറങ്ങുന്നത്. മാവിന് ചുറ്റും കെട്ടിയുയർത്തിയ കല്ലുകൊണ്ടുള്ള തറയിൽ കയറിനിന്നാണ് ആന മാവ് പിടിച്ച് കുലുക്കി മാങ്ങകൾ താഴെ വീഴ്ത്തിയത്. പഴുത്ത മാങ്ങകൾ മുഴുവൻ തിന്നാണ് മടങ്ങിയത്.
അതിനിടെ സമീപത്തുണ്ടായിരുന്ന തെങ്ങും വാഴകളും പിഴുതെറിഞ്ഞു. പോകുന്ന പോക്കിൽ മധു നടേഷിന്റെ മുറ്റത്ത് നിന്ന പ്ലാവിലെ ചക്കകളും പറിച്ച് താഴെയിട്ടു. ഇതിൽ പഴുത്ത ചക്ക മാത്രം അകത്താക്കുകയും ചെയ്തു.
വനാതിർത്തിയിൽ വന്യമൃഗങ്ങൾ പുറത്ത് കടക്കാതിരിക്കാൻ കെട്ടിയുണ്ടാക്കിയ മതിൽ പൊളിഞ്ഞ് കിടക്കുന്ന ഭാഗത്തുകൂടെയാണ് ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി പുറത്ത് കടന്ന ആനകൾ പ്രദേശത്തെ നിരവധിപേരുടെ വേലികൾ പൊളിച്ചു. സ്വൈരവിഹാരത്തിന് തടസ്സമായ വേലികളെല്ലാം ആന തകർക്കുകയാണ്.
ആന ഇറങ്ങിയ പ്രദേശങ്ങൾ വനപാലകർ സന്ദർശിക്കുകയും വനത്തിൽ നിന്ന് ആന ജനവാസ കേന്ദ്രത്തിലേക്ക് കടക്കുന്ന ഭാഗം ഷോക്ക് ഫെൻസിംഗ് സ്ഥാപിക്കുകയും ചെയ്തു.