അത്തോളി: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അപകടാവസ്ഥയിലുള്ള കന്നൂര് ഗവ.യു.പി.സ്‌കൂൾ സ്കൂൾ കെട്ടിടം ഭീഷണി ഉയർത്തുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോചനീയാവസ്ഥയിലാണ്. പുതിയ അദ്ധ്യയനവർഷം ആരംഭിക്കാനിരിക്കെ പി.ടി.എ.യും സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പുമെല്ലാം മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം വാടകക്കെട്ടിടത്തിന്റെ കൂറ്റൻ ബീം തകർന്നു വീണത്. വാടകകെട്ടിടത്തിന്റെ അവകാശികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് പഞ്ചായത്ത് കെട്ടിടത്തിന് കഴിഞ്ഞ 7 മാസത്തോളമായി വാടക നൽകുന്നില്ല. ഇതിനാൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുവാൻ ഉടമകൾ തയ്യാറാകാത്ത സാഹചര്യമാണ്. ഇതേത്തുടർന്ന് പി.ടി.എ. ഫണ്ട് കണ്ടെത്തിയാണ് ഈ വർഷം അത്യാവശ്യം പണികൾ നടത്തിയത്. ബീം തകർതോടെ കെട്ടിടത്തിന്റെ സ്‌ട്രെച്ചറിനുതന്നെ ബലക്ഷയം സംഭവിച്ചിരിക്കാനാണ് സാദ്ധ്യതയെന്നാണ് സ്‌കൂൾ സന്ദർശിച്ച എൻജിനീയർ വ്യക്തമാക്കിയത്. മറ്റുബീമുകളുടെയും ബലക്ഷയം പരിശോധിക്കപ്പെടണം. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലായേക്കാൻ സാദ്ധ്യതയുള്ള ഈ വാടക കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിക്കാൻ സാധിക്കില്ല എന്നാണ് എ.ഇ.ഒ.യുടെ സാന്നിദ്ധ്യത്തിൽ സ്‌കൂൾ പി.ടി.എ വിലയിരുത്തിയത്. ഇതേത്തുടർന്ന് പുതിയ അദ്ധ്യനവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. എന്നാൽ പുതിയ പാഠ്യപദ്ധതികളുടെയും പരിഷ്‌കരണങ്ങളുടെയും ഭാഗമായി കുട്ടികൾക്ക് മുഴുവൻ സമയവും സ്‌കൂളിൽ ചെലവിടേണ്ടതിനാൽ ഷിഫ്റ്റ് സമ്പ്രദായം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്ന സ്ഥിതിയാണ്. മാത്രമല്ല വീഴാറായ കെട്ടിടമായതിനാൽ കുട്ടികളെ സ്‌കൂളിലേക്കു വിടാൻ രക്ഷിതാക്കളും മടിക്കുകയാണ്.

പകുതിഭാഗം വാടകകെട്ടിടത്തിലും പകുതി സ്വന്തം കെട്ടിടത്തിലുമായി പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നാന്നൂറിലേറെ കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.പഞ്ചായത്തിന്റെ സ്വന്തം സ്‌കൂൾ കെട്ടിട ബ്ലോക്കിൽ ഉച്ചഭക്ഷണം തയ്യാറാക്കുതിനും കലാകായിക പ്രവർത്തനങ്ങൾക്കാവശ്യമായ കളിസ്ഥലവും സ്റ്റേജുമൊന്നും ലഭ്യമല്ല. വാടകകെട്ടിടത്തോടനുബന്ധിച്ചാണ് ഇവയെല്ലാം ഉള്ളത്.

സ്‌കൂൾ നന്നാക്കാൻ ഉത്തരവാദപ്പെട്ട അധികൃതർ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്‌കൂളിന് സമീപം തന്നെയുള്ള ഒരു ഏക്കർ ഭൂമി വാങ്ങുതിനുമുള്ള ഡി.പി.ആർ. തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമില്ല. ഈയൊരു സാഹചര്യത്തിൽ നിലവിലുള്ള വാടകകെട്ടിടം സർക്കാർ അക്വയർചെയ്ത് നവീകരിക്കുകയോ, അല്ലെങ്കിൽ, ആവശ്യമായ പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമ്മിക്കുകയോ ചെയ്യുകമാത്രമാണ് സ്‌കൂളിന്റെ മുന്നിലുള്ള മാർഗ്ഗം.കെട്ടിടം എത്രയും വേഗം പുതുക്കി പണിയാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് സ്‌കൂൾ പി ടി എയുടെ ആവശ്യം.