കൽപ്പറ്റ: നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും മിന്നൽ പരിശോധന. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ
പരിശോധനയിൽ പ്രമുഖ ഹോട്ടലുകളിൽ നിന്നുൾപ്പെടെ 6 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തുന്നത്. പ്രമുഖ ഹോട്ടലുകളായ ഓഷിൻ, ചട്ടിയും ചോറും, സൂര്യ കാസിൽ, മുസ്‌വല്ല എന്നീ ഹോട്ടലുകൾക്ക് പുറമെ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അറഫ, ഫൈസൽ മെസ് എന്നിവിടങ്ങളിൽ നിന്നുമാണ് തീർത്തും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്.
മെയ് ഒൻപതാം തീയതി നടത്തിയ ആദ്യ പരിശോധനയിലും സമാനമായ രീതിയിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നഗരസഭ നോട്ടീസ് നൽകി.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഷൈജു, പി.ജി.ഷാരിഷ്, പി.ജെ.ജോബിച്ചൻ, പി.എൻ.ജിജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.