സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരുമാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവ ജനവാസകേന്ദ്രത്തിൽ കഴിയുന്നു. കടുവയെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. കൂട് വെച്ച് പിടികൂടണമെന്ന ആവശ്യവുമായി നഗരസഭ ഭരണ സമിതി പ്രമേയം പാസാക്കി. സർവ്വകക്ഷി സമരവുമായി രംഗത്തിറങ്ങാൻ നാട്ടുകാർ തീരുമാനിച്ചു.
എന്നാൽ കടുവയുടെ നീക്കം നിരീക്ഷിച്ച ശേഷം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാമെന്ന് വനം വകുപ്പ്. നഗരസഭയുടെ പ്രമേയത്തിലോ ജനങ്ങളുടെ പ്രതിഷേധത്തിലോ കുലുങ്ങാതെ കടുവ ഇന്നലെയും നാട്ടി​ലി​റങ്ങി​. ഇന്നലെ രാവിലെ ചീനപ്പുല്ല് എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. തോട്ടത്തിൽ പുല്ല് വെട്ടാൻ പോയ ആളുകളാണ് കടുവയെ നേരിൽ കണ്ടത്.

കടുവ പ്രദേശത്തുണ്ടെന്ന് വനം വകുപ്പ് സ്ഥിരികരിച്ചിരുന്നെങ്കിലും ഇതിനെ ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിച്ചിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തി​ൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതോടെ കടുവയെ കൂട് വെച്ച് പിടികൂടാമെന്ന് വനം വകുപ്പ് നഗരസഭയ്ക്ക് ഉറപ്പ് നൽകി. എന്നാൽ ഇതി​ന് പല നിയമതടസങ്ങളുമുണ്ട്.

മൂന്ന് ദിവസത്തിനുള്ളിൽ കൂട് വെക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. കടുവയെ കണ്ടെത്തിയ പ്രദേശങ്ങളിൽ അതിന്റെ നീക്കം നിരീക്ഷിക്കുന്നതിനായി അഞ്ചോളം ക്യാമറകൾ സ്ഥാപിച്ചു. ചീനപ്പുല്ല്, ദൊട്ടപ്പൻകുളം, ബീനാച്ചി, കട്ടയാട്, നേതാജി നഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവയെ കണ്ടത്.
മാസങ്ങളായി ജനവാസകേന്ദ്രത്തിൽ കഴിഞ്ഞുവരുന്ന കടുവയെ പിടികൂടി വനത്തിൽ കൊണ്ടുപോയി വിട്ടാലും തിരികെ വരുമെന്നാണ് ജനങ്ങൾ പറയുന്നത്.