കുറ്റ്യാടി: കക്കട്ട് ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിലുള്ള ലാൻഡ് ഫോണുകൾ നിശ്ചലമായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. വിരലിലെണ്ണാവുന്ന ലാൻഡ് ഫോൺ കണക്ഷൻ മാത്രമാണ് നിലവിലുള്ളത്. അവയാണ് ഇപ്പോൾ തകരാറിലായിരിക്കുന്നത്. ഒരു വർഷത്തെ വാടക ഒന്നി ച്ച് അടച്ച ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉൾപ്പെടെ ഇതിലുണ്ട്. മുൻകൂർ പണമടച്ചവർ അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോൾ ടെലി ഫോൺ കേബിളുകൾ നശിപ്പിക്കപെട്ടതാണ് ഫോണുകൾ നിശ്ചലമാകാൻ കാരണമെന്നാണ് ബി.എസ്എൻഎൽ അധികൃതർ പറയുന്നത്. കക്കട്ടിലെ എക്സ്ചേഞ്ചിൽ നിലവിൽ ജീവനക്കാർ ഇല്ലാത്തതിനാൽ നാദാപുരം എക്സ്ചേഞ്ചിലുള്ള താത്കാലിക ജീവനക്കാരനാണ് തകരാറുകൾ പരിഹരിക്കാനുള്ള ചുമതല. തകരാറുകൾ എവിടെയൊക്കെയാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ വിശധീകരണം.