വടുവൻചാൽ: പാടിവയലിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് പാടിവയലിൽ നടന്നത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഒടുവിലത്തെ അപകടം. കരിങ്കൽ ക്വാറിയിലേക്കുള്ള ടിപ്പറുകൾ
റോഡരികിൽ നിർത്തിയിടുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഒരാഴ്ച മുമ്പു നടന്ന അപകടത്തിൽ പാടിവയൽ സ്വദേശി റഫീക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
മൂന്നു മാസം മുമ്പും സമാനമായ അപകടം നടന്നിരുന്നു. കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് ഗുരുതരമായി പരക്കേറ്റിരുന്നു. മഞ്ഞുമൂടിയ കാലാവസ്ഥയായതിനാൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെടുന്നില്ല. അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ റോഡരികിൽ സ്ഥാപിച്ചിട്ടുമില്ല.
അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ പാടിവയൽ ക്വാറി ഉപരോധിച്ചു. മഞ്ഞുമൂടിയ കാലാവസ്ഥയും പാതയോരത്ത് വളർന്നുനിൽക്കുന്ന കാടും അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നതും ഈ ഭാഗത്ത് അപകടങ്ങൾക്ക് തുടരാൻ കാരണമാവുകയാണ്.