കൽപ്പറ്റ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ ഏതാനും സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരം കാണുന്നതിന് സർക്കാർ സഹായം തേടാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ആസ്ബസ്‌റ്റോസ് ഷീറ്റുള്ള സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് കോടതി ഉത്തരവു പ്രകാരം തടസ്സമുള്ളത്. ഇത്തരത്തിൽ 19 സർക്കാർ സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഈ കെട്ടിടങ്ങളുടെ മേൽക്കൂര മാറ്റുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന്റെ പരിഗണനയ്ക്ക് നൽകാൻ ജില്ലാ കളക്ടർ എ. ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്ഥിരം സംവിധാനം വരുന്നത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കും.
ഈ സ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര മാറ്റുന്നതിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അപര്യാപ്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയപാതയിൽ കൽപ്പറ്റ നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്ത് അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വീതി കുറഞ്ഞ പാലത്തോടു ചേർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കാൻ ടി.സിദ്ദിഖ് എം.എൽ.എയുടെ ആവശ്യപ്രകാരം യോഗം തീരുമാനിച്ചു.
നിർമ്മാണം തുടങ്ങാനിരിക്കുന്ന കൽപ്പറ്റ ബൈപ്പാസ് നവീകരണത്തിന് മുന്നോടിയായി വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ സർവീസ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും ഇതിനകം ഫണ്ട് ലഭ്യമായ വൈത്തിരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലയിൽ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.
ബാങ്കുകൾ ജപ്തി നടപടികളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ലീഡ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനതലങ്ങളിൽ അദാലത്തുകളും മറ്റും നടത്തി ജപ്തി നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വീസിൽ നിന്നു വിരമിക്കുന്ന ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി.ചെറിയാൻ, സർവ്വേ ഡെപ്യൂട്ടി ഡയരക്ടർ കെ.അനിൽകുമാർ, ഹയർ സെക്കൻഡറി സ്‌കൂൾ കോർഡിനേറ്റർ കെ.പ്രസന്ന എന്നിവർക്ക് യോഗം യാത്രയയപ്പ് നൽകി.
കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, എ.ഡി.എം എൻ.ഐ.ഷാജു, ജില്ലാ പ്ലാനിങ് ഓഫീസർ ആർ.മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.