കൽപ്പറ്റ: ആദിവാസി കോളനികളിലേക്ക് പുറമേനിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം. കോളനികളിൽ വ്യക്തികളും സംഘടനകളും സന്ദർശനം നടത്തുന്നതിനും വിവരശേഖരണം നടത്തുന്നതിനും അനുമതി വേണമെന്നാണ് പട്ടികവർഗ വകുപ്പിന്റെ പുതിയ സർക്കുലറിൽ പറയുന്നത്.

ആദിവാസി മേഖലകളിലെ ഗവേഷണം, ഫീൽഡ് സർവേ, ഇന്റേൺഷിപ്പ്, ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പട്ടിവർഗ വികസന ഡയറക്ടർ അടുത്തിടെ ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം ഉള്ളത്.

അനുവാദമില്ലാതെ വ്യക്തികളോ സംഘടനകളോ കോളനി സന്ദർശനം നടത്തുന്നത് നിർത്തിവെപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ സന്ദർശനാനുമതി നൽകുന്നതിനു മുമ്പ് പൊലീസ് വകുപ്പുമായി കൂടിയാലോചിക്കണമെന്ന നിർദേശവും സർക്കുലറിലുണ്ട്.
ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അനുമതിക്ക് പ്രൊജക്ട് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവരിൽ ഒരാളുടെ അനുമതി ആവശ്യമാണ്.

മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ പ്രവേശനം നിഷേധിച്ചതിൽ ആദിവാസി വനിതാ പ്രസ്ഥാനം പ്രതിഷേധിച്ചു. നിയന്ത്രണമേർപ്പെടുത്തിയ പട്ടികവർഗ്ഗ വകുപ്പിന്റെ നടപടി മനുഷ്യാവകാശലംഘനമെന്നാണ് ആദിവാസി വനിതാ പ്രസ്ഥാനം പറയുന്നത്.

തങ്ങളുടെ പ്രദേശത്തേക്കും വീടുകളിലേക്കും ആരെല്ലാം വരണമെന്നത് ആദിവാസികളാണ് തീരുമാനിക്കേണ്ടത്.

എന്തൊക്കെയോ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ആദിവാസി വനിതാ പ്രസ്ഥാനം അദ്ധ്യക്ഷ കെ.അമ്മിണി പറഞ്ഞു.