1
Tpurisam

@ ബോധവത്കരണ ക്യാമ്പിന് തുടക്കം

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന മാതൃകാ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കടലുണ്ടി പഞ്ചായത്തിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ഒരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്ത് വിനോദ സഞ്ചാരത്തിന് യോജിച്ച രീതിയിൽ തെരുവുകൾ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്ത്‌നിക്ക് ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് തുടങ്ങിയ രീതിയിൽ തെരുവുകൾ ക്രമീകരിക്കും.

സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി കടലുണ്ടി പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ബോധവത്കരണ ക്യാമ്പിന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആർകിടെക്ട്, എൻവയോൺമെന്റ് സയൻസ്,ടൂറിസം, ജേർണലിസം, സിവിൽ എൻജിനീയറിംഗ്, ബോട്ടണി , സോഷ്യൽ വർക്ക് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പഠനം നടത്തിവരുന്ന നാൽപതോളം വിദ്യാർഥികളാണ് ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വോളണ്ടിയർമാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വ്യത്യസ്ത തെരുവുകൾ സന്ദ‌ർശിക്കും. പദ്ധതി പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രതിനിധികളും ഗ്രൂപ്പ് ലീഡേർസുമാണ് ഫീൽഡ് സന്ദർശനത്തിന് നേതൃത്വം നൽകുക.

ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടങ്ങാട്ട് പ്രസംഗിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷനെകുറിച്ചും കടലുണ്ടി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കാൻ പോകുന്ന സ്ട്രീറ്റ് പദ്ധതിയെ കുറിച്ചും ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി വിശദീകരിച്ചു.