കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ച നാലംഗസംഘത്തിലെ മൂന്ന് പേർ കസബ പൊലീസിന്റെ പിടിയിൽ. തലകുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30) പന്നിയങ്കര അർഷാദ് മൻസിൽ അക്ബർ അലി (25),അരക്കിണർ പി.കെ ഹൗസിൽ അബ്ദുൾ റാഷിദ് (25) എന്നിവരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കി.
പിടിയിലായ പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഫറോക്ക് ഇൻസ്‌പെക്ടർ ബാലചന്ദ്രന്റ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി വ്യക്തമായി. തുടർന്ന് പണം വീണ്ടെടുക്കുന്നതിനായി പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധമായ പരിശോധനകൾ നടത്തിയശേഷമേ പുറത്തെടുക്കാൻ സാധിക്കൂ എന്ന് ഡോകടർ അറിയിച്ചതിനെത്തുടർന്ന് കൂടുതൽ സാങ്കേതിക വൈദ്യസഹായത്തിനായി പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സർജറി വിഭാഗത്തിലെ വൈദ്യ സംഘത്തിന്റെ സഹായത്തോടെ കവർച്ച നടത്തിയ പണത്തിന്റെ ഒരുഭാഗം പൊലീസ് വീണ്ടെടുത്തു. സബ്ബ് ഇൻസ്‌പെക്ടർ വി.പി ആന്റണി, എ.എസ്.ഐ ജയന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സതീശൻ, വിഷ്ണുപ്രഭ, ഹോം ഗാർഡ് ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.