കോഴിക്കോട്: പി.എം. കെയേഴ്‌സ് ഫോർ ചിൽഡ്രൻ സ്‌കീമിന്റെ ജില്ലാതല പ്രകാശനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിക്കും. കൊവിഡ് മൂലം മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാവിനെയോ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണയ്ക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം കെയേഴ്‌സ് ഫോർ ചിൽഡ്രൻ.
ഇത്തരം കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായി ഉറപ്പുവരുത്തുക, ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം ഉറപ്പാക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 10 ലക്ഷം രൂപയുടെ സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്ത നിലനിൽപ്പിന് സജ്ജമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയിൽനിന്നും സ്‌കീമിന് അർഹരായിട്ടുള്ളത് അഞ്ച് കുട്ടികളാണ്. രാവിലെ 9.30ന് നടക്കുന്ന പ്രകാശന ചടങ്ങിൽ കുട്ടികൾക്ക് ആനുകൂല്യങ്ങൾ കൈമാറും. ബെനഫിഷ്യറി പാസ്ബുക്ക്, ഹെൽത്ത് കാർഡ്, സ്‌നേഹ പ്രതി സർട്ടിഫിക്കറ്റ്, പ്രധാനമന്ത്രിയുടെ കത്ത് എന്നിവയാണ് കൈമാറുക.