farokh


രാമനാട്ടുകര: കോഴിക്കോടൻ ചരിത്രത്തിന്റെ ഭാഗമായ ഫറോക്ക് പഴയപാലം ഒടുവിൽ നവീകരിക്കപ്പെടുന്നു. വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. 89ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മൂന്നുമാസം കൊണ്ട് പണി പൂർത്തിയാക്കി മനോഹരമായി പാലം തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പാലം പൊളിച്ചുനീക്കി പണിയെണമെന്നായിരുന്നു പലകോണുകളിൽ നിന്നുമുള്ള ആവശ്യം. ജില്ലയുടെ ടൂറിസം സാദ്ധ്യതകൾകൂടി പരിഗണിച്ച് പാലത്തെ പഴമയുടെയും പാരമ്പര്യത്തിന്റെയും സ്മാരകമായി നിലനിർത്തുകയെന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. സ്ഥലം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ കൂടി താൽപ്പര്യം പരിഗണിച്ചാണ് പഴമ നിലനിർത്തിയുള്ള നവീകരണത്തിന് തുടക്കമായത്.
ഒന്നരനൂറ്റാണ്ട് പഴക്കമുള്ള പാലത്തിന് കഴിഞ്ഞ കുറേക്കാലമായി സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. വലിയ വാഹനങ്ങൾ ഇടിച്ച് പാലത്തിന്റെ ഇരുമ്പ് സുരക്ഷാകവചങ്ങൾക്ക് സാരമായ പരിക്കുണ്ടായിരുന്നു. ആറിലധികം കമാനങ്ങൾ പൊട്ടിക്കിടക്കുകയാണ്. ഇവ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുന്നതോടൊപ്പം പാലത്തിന്റെ മോടിപിടിപ്പിക്കലും നടത്തും.

മൂന്നു മാസമാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സമയം ആവശ്യപ്പെട്ടത്. അതിനകംതന്നെ പണിപൂർത്തിയാക്കി തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻനീയർ പറഞ്ഞു.