കോഴിക്കോട്: അറബിക്കടലിൽ അനധികൃതമായി ട്രോളിംഗ് നടത്തിയ സുകൃതം ബോട്ട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം പിടികൂടി. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശ പ്രകാരം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ കെ.എ. ലബീബ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ജി.എസ്.സി.പി എം.വി. അനീഷ്, റെസ്‌ക്യൂ ഗാർഡ് മിഥുൻ, നിധീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ബോട്ട് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.