കോഴിക്കോട് : നഗരത്തിലെ വീടില്ലാത്തവർക്ക് വീടൊരുക്കാനുള്ള ഭൂമിയ്ക്കായി കോർപറേഷൻ രംഗത്ത്. കോർപ്പറേഷനിൽ 4500 ഓളം വീടിനായുള്ള അപേക്ഷകളാണുള്ളതെന്നും ഭൂമിയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമായി ഭൂമി നൽകാൻ തയ്യാറുള്ളവരുടെ യോഗം ചേരും. ജൂണിൽ തന്നെ നടപടികൾ ആരംഭിക്കുമെന്നും മേയർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു.മനസോടിത്തിരി മണ്ണ് എന്ന സംസ്ഥാന സർക്കാർ കാമ്പയിന്റെ ഭാഗമായാണ് കോർപ്പറേഷൻ പാവപ്പെട്ടവർക്ക് വീടൊരുക്കാൻ രംഗത്തിറങ്ങുന്നത്.
ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നഗരസഭ സമിതി രൂപീകരിച്ചിട്ടുണ്ട്. നഗരത്തിലെ ബസ് ഷെൽറ്ററുകൾ പുതുക്കിപ്പണിഞ്ഞ് നടത്തിപ്പിന് കരാറെടുത്തവർക്കെതിരെ നടപടിയ്ക്ക് ശുപാർശ. 32 ബസ്‌സ്റ്റോപ്പുകളിൽ 24 മാത്രമാണ് ഇതുവരെ പണിതിട്ടുള്ളതെന്നും ഡെപ്പോസിറ്റ് അടക്കാനോ ലൈസൻസ് ഫീസ് നൽകാനോ പോലും തയ്യാറായിട്ടില്ലെന്നും കൗൺസിലർ കെ.സി. ശോഭിത പറഞ്ഞു. കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുൾപ്പെടുത്താള്ള നടപടികളാണ് ധനകാര്യ സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് നൽകിയതെന്ന് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.
2020 മാർച്ച് 13 നാണ് കരാർ നൽകിയത് ഒരു വർഷം 4.32 ലക്ഷം അടക്കണമെന്നാണ് വ്യവസ്ഥ . ഇവർക്ക് ആറ് തവണ നോട്ടീസ് അയച്ചിട്ടും നടപടിയുണ്ടായില്ലെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി എ. അച്യുതൻ പറഞ്ഞു. കോർപ്പറേഷനിലെ ലൈസൻസികൾ കേസ് കൊടുക്കുന്നത് കാരണം പല കുടിശികളും കെട്ടിക്കിടക്കുകയാണെന്ന് കെ.മൊയ്തീൻ കോയ പറഞ്ഞു. ഇത്തരം കേസുകളുടെ നടത്തിപ്പ് സുഗമമാക്കാൻ പ്രതേക സെൽ രൂപീകരിക്കുമെന്ന് മേയർ അറിയിച്ചു.
വാർഡുകളിലെ ആഫ്രിക്കൻ ഒച്ച് ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് ഡോ. എസ്. ജയശ്രീ ശ്രദ്ധ ക്ഷണിച്ചു. സിവിൽ സ്റ്റേഷൻ ഭാഗത്ത് ഉണ്ടായ കാട്ടുപന്നി അക്രമണത്തെകുറിച്ച് എം.എൻ. പ്രവീൺ ശ്രദ്ധക്ഷണിച്ചു. മീഞ്ചന്തയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി കോർപ്പറേഷൻ ഏറ്റെടുത്ത സ്ഥലം മാലിന്യ കേന്ദ്രമായി മാറുകയാണെന്നും അത് പരിഹരിക്കണമെന്നും രമ്യ സന്തോഷ് ആവശ്യപ്പെട്ടു. ആവിക്കൽ തോട് ശുചീകരിച്ച ശേഷം കാമറ വെക്കണമെന്ന് കൗൺസിലർ സി.പി. സുലൈമാൻ ശ്രദ്ധക്ഷണിച്ചു.