പാലം നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചു
വടകര: ആഭ്യന്തര ടൂറിസത്തിന് ഏറെ മുതൽക്കൂട്ടാകുന്നതും ഏറാമല നിവാസികളുടെ ചിരകാലസ്വപ്നവുമായ ഏറാമല തുരുത്തിമുക്കിലെ പാലം നിർമാണത്തിന് പുതു ജീവൻ. പാലം നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ നടപടികൾ ആരംഭിക്കുകയും കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. നാദാപുരം മണ്ഡലത്തിലെ എടച്ചേരി, കൂത്തുപറമ്പ് മണ്ഡലത്തിലെ കിടഞ്ഞി എന്നിവയും തുരുത്തിമുക്കും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ 'വൈ' മോഡൽ പാലം പ്രപ്പോസൽ നേരത്തെ തന്നെ സർക്കാരിന് മുൻപിലുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങളാൽ പദ്ധതി നിലയ്ക്കുകയും എടച്ചേരിയേയും കിടഞ്ഞിയേയും മാത്രം ബന്ധിപ്പിക്കുന്ന നേർപാലമായി പദ്ധതി പരിമിതിപ്പെടുകയുമായിരുന്നു.
അതേ സമയം ആളുകൾക്ക് ഇപ്പോഴും കടത്തുതോണിയാണ് ആശ്രയം. മറുകരയിലേക്ക് റോഡ് മാർഗം പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് നേരത്തെ പൊതുമരാമത്തു മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുകയും, നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഈ വർഷത്തെ ബഡ്ജറ്റിൽ പാലത്തിനായി ടോക്കൺ എമൗണ്ട് വകയിരുത്തിയിരുന്നു. നടുതുരുത്തി, ഏറാമലകോട്ട, മാഹി-വളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ട്‌ജെട്ടി, കരിയാട്, കിടഞ്ഞി ഭാഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ വടകര മണ്ഡലത്തിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്ന പദ്ധതികളായിരിക്കും. തുരുത്തിമുക്കിനെ കൂടെ ബന്ധിപ്പിച്ചു പാലം വരുന്നതോടെ വലിയ ടൂറിസം സാദ്ധ്യതകൾക്കാണ് വഴിയൊരുക്കുന്നത്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വൈസ് പ്രസിഡന്റ് ദീപ് രാജ്, വാർഡ് മെമ്പർമാരായ ടി.പി മിനിക, വി.കെ ജസീല പ്രദേശവാസികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തുരുത്തിമുക്കിനെ ബന്ധിപ്പിച്ച് പാലം വരുന്നത് ടൂറിസത്തിന് ഒരു മുതൽക്കൂട്ടാകും. ഇതുകൂടെ മുൻപിൽ കണ്ടുവേണം പാലം രൂപകൽപന ചെയ്യപ്പെടേണ്ടത്. വൈകാതെ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കും.കെ.കെ രമ എം.എൽ.എ