കോഴിക്കോട്: കടയുടെ മേൽകൂര പൊളിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് മേലെ പാളയത്ത് ഹവ്യാപാരികൾ ഹർത്താൽ നടത്തി. സ്വർണ്ണവ്യാപാരികൾ ആഹ്വാനം ചെയ്തതനുസരിച്ച് ഇന്നലെ രാവിലെ മുതൽ ഉച്ചവരെ കമ്മത്ത് ലൈനിലെ എല്ലാ കടകളും അടച്ചിട്ടു. കഴിഞ്ഞദിവസം വൈരാഗി അമ്പലത്തിനോട് ചേർന്ന ഒമ്പത് സ്വർണ്ണക്കടകളുടെ മേൽക്കൂര വൈരാഗി ട്രസ്റ്റ് അധികൃതർ പൊളിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് അധികൃതർ മേൽകൂരയുടെ ഓടുകളും കഴുക്കോലും ഊരിമാറ്റിയത്. കച്ചവടക്കാർ അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് എത്തി പൊളിക്കൽ നിറുത്തിവെപ്പിച്ചു.
മേൽകൂര പൊളിച്ച കടകളിൽ അധികൃതരെ കൊണ്ട് താത്കാലിക ഷീറ്റ് വിരിച്ച് മേൽകൂര പുനസ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ കോർപ്പറേഷൻ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് കടകൾ പൊളിച്ച് മാറ്റാൻ ശ്രമിച്ചതെന്ന് ട്രസ്റ്റിയായ ഉമാകാന്ത് പറഞ്ഞു.കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ച് മാറ്റുകയോ ചെയ്യണമെന്നും കാണിച്ച് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ നോട്ടിസ് നൽകിയിരുന്നു. കെട്ടിടം പൊളിഞ്ഞ് വീണ് വല്ല അപകടവും സംഭവിച്ചാൽ ഉത്തരവാദി കെട്ടിട ഉടമയായിരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ മേയ് 23ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് കടകളിലെ ലൈസൻസ് കേരള മുൻസിപ്പൽ ആക്ട് 432ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ നടത്തുന്ന കച്ചവടം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.