പേരാമ്പ്ര: വാർഷിക പദ്ധതി വിനിയോഗത്തിലും പൊതുഭരണ നിർവഹണത്തിലും ജില്ലയിൽ മികച്ച നിലവാരം പുലർത്തിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. പൊതുമരാമത്ത് ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. എം. സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വികസന മേഖലയിൽ അനുവദിച്ച മുഴുവൻ ഫണ്ടും ചെലവഴിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞവർഷം പഞ്ചായത്തിൽ ഉണ്ടായത്. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സിബിൻ, സി.ഡി.എസ് ചെയർപേഴ്‌സൺ യശോദ തെങ്ങിട തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി. അച്യുതൻ നന്ദിയും പറഞ്ഞു.