ചിങ്ങവനം: ശങ്കയകറ്റാൻ മാർഗമില്ലാതെ, ചിങ്ങവനത്തെ യാത്രക്കാരും വ്യാപാരികളും. ചിങ്ങവനത്ത് നിലവിൽ പൊതുശൗചാലയ സംവിധാനമില്ല. കോട്ടയം, ചങ്ങനാശേരി പാതയിലെ പ്രധാന ജംഗ്ഷനാണ് ചിങ്ങവനം. ചിങ്ങവനത്ത് നിന്നും പുതുപ്പള്ളി, ഞാലിയകുഴി, പനച്ചിക്കാട്, പാത്താമുട്ടം, കൈനടി, പാക്കിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. അതിനാൽ, ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് ചിങ്ങവനത്ത് വന്നുപോകുന്നത്.
നിരവധി വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടുതൽ സ്ത്രീജീവനക്കാരാണ് ഓരോ സ്ഥാപനത്തിലും ജോലിചെയ്യുന്നത്. എന്നാൽ, ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ചിങ്ങവനം ജംഗ്ഷനിൽ ഇല്ല. സ്വകാര്യ റെസ്റ്റോറന്റുകളുടെയും ടോയ്‌ലെറ്റ് സംവിധാനമുള്ള മറ്റ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സ്ഥലസൗകര്യമുണ്ട്
പക്ഷേ..?
കെ.എസ്.ആർ.ടി.സി വക സ്ഥാപിച്ചിരിക്കുന്ന ബസ് കാത്തിരുപ്പു കേന്ദ്രത്തിന് സമീപം പൊതുശൗചാലയം നിർമ്മിക്കാനുള്ള സ്ഥലസൗകര്യമുണ്ട്. വാട്ടർ അതോറിട്ടിയിൽ നിന്നും ഇവിടെയ്ക്കാവശ്യമായ വെള്ളവും ലഭ്യമാകും. എന്നാൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചിങ്ങവനത്തെ വ്യാപാരിയായ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, കളക്ടർ, നഗരസഭ, വാർഡ് കൗൺസിലർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.