
കോട്ടയം. സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധയാകർഷിച്ച് ഡോഗ് സ്‌ക്വാഡിലെ മിന്നുംതാരം റോക്കി. റോക്കിക്കൊപ്പം സെൽഫി എടുക്കാനും കാണാനുമായി ആളുകളുടെ നീണ്ടനിര തന്നെയായിരുന്നു. ട്രൈനെർ രാഹുലിന്റെ നിർദേശനുസരണം സന്ദർശകർക്ക് മുന്നിൽ അനുസരണയോടെ ഇരിക്കുകയും ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തത് കൗതുകമുണർത്തി. പ്രായഭേദമന്യേ റോക്കിക്കൊപ്പം ചിത്രങ്ങൾ പകർത്തുന്നതിനുള്ള തിരക്ക് അനുഭവപ്പെട്ടു. ലാബ് ഇനത്തിൽ പെട്ട റോക്കി ജില്ലാ നർകോട്ടിക് വിഭാഗത്തിന്റെ ഭാഗമാണ്. രണ്ട് വർഷമായി സേനയിലെത്തിയിട്ട്. മുണ്ടക്കയത്ത് പച്ചക്കറി ലോറിയിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് റോക്കിയുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് ഒരുക്കിയ ആയുധശേഖര സ്റ്റാളിൽ ആണ് റോക്കിയുള്ളത്. റോക്കിയെ കൂടാതെ ബോംബ് സ്‌ക്വാഡിലെ ബെയിലിയും മേളയിലെത്തിയിരുന്നു. വാർത്തകളിലും സിനിമകളിലും മാത്രമായി കണ്ടുവന്നിരുന്ന പൊലീസ് നായ്ക്കളെ അടുത്ത് കാണുവാനും സെൽഫിയെടുക്കാനും കഴിഞ്ഞ ത്രില്ലിലാണ് മേളയിലെത്തിയ സന്ദർശകർ.