കോട്ടയം: നീങ്ങാതെ ദുരിതം, വീണ്ടും പോളയിൽ മുങ്ങി ജലാശയങ്ങൾ. കൊടൂരാറ്റിലെയും സമീപത്തെ ചെറുതോടുകളിലെയും പോള കനത്ത മഴയിലും കാറ്റിലും തനിയെ നീങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പോള തിങ്ങി നിറഞ്ഞ സ്ഥിതിയാണ്. കാരാപ്പുഴ തോട്, മണിപ്പുഴ തോട്, കോടിമത ഈരയിൽക്കടവ് ഭാഗം, കച്ചേരിക്കടവ്, പാറേച്ചാൽ തുടങ്ങി കൊടൂരാറിന്റെ കൈവഴികളും ആറുകളുമാണ് പോളയിൽ മുങ്ങിയത്. ഈരയിൽക്കടവ് ഭാഗത്ത് പോള തിങ്ങി നിറഞ്ഞ് കടത്ത് വള്ളത്തിന് പോലും കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. തോടിന്റെ കരയിൽ താമസിക്കുന്നവരാണ് ഇതോടെ ദുരിതത്തിലായത്. പോള തിങ്ങി നിറഞ്ഞത് കോടിമത ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുരുങ്ങി ബോട്ട് തകരാറിലാകുന്നതിനും ഇടയാക്കിയിരുന്നു.
നാശത്തിന്റെ വക്കിൽ
കോടിമതയിൽ പോള സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള യന്ത്രങ്ങളും യൂണിറ്റും കാട് പിടിച്ച നിലയിലാണ്. ഇത് പ്രവർത്തിപ്പിക്കുന്നതിന് വേണ്ട നടപടി അധികൃതർ സ്വീകരിക്കുന്നില്ല. പോളയ്ക്ക് പുറമേ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും തോടുകളിൽ നിറഞ്ഞു. വെള്ളത്തിന് കറുത്ത നിറവും ദുഗന്ധവും അനുഭവപ്പെടുന്നുണ്ട്.