വൈക്കം: പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല ആനുകൂല്യങ്ങളും കേന്ദ്രസർക്കാരിന്റെ പുത്തൻനയം മൂലം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ ത്യാഗത്തിന്റെയും സഹനത്തിന്റെയും മാർഗത്തിൽ പുതിയ സമരമുറ തുറക്കേണ്ട സാഹചര്യമാണെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രജേന്ദ്രൻ പറഞ്ഞു. എ.ഐ.റ്റി.യു.സി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ് ദിന റാലിയോട് അനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കച്ചേരിക്കവലയിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം ലീനമ്മ ഉദയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം. ഡി. ബാബുരാജ്, സി.കെ. ആശ എം.എൽ.എ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരൻ, എ.സി ജോസഫ്, എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാർ, അഡ്വ.കെ.പ്രസന്നൻ, കെ.വി.ജീവരാജൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ് വളപ്പിൽ നിന്നും ബോട്ട് ജെട്ടി മൈതാനത്തേക്ക് പുറപ്പെട്ട മെയ്ദിന റാലിയിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.