അതിരമ്പുഴ: രക്താർബുദം ബാധിച്ച കുരുന്നിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി കൈകോർത്ത് അതിരമ്പുഴ. അതിരമ്പുഴകീഴേടത്ത് ജസ്റ്റിന്റെയും ജിൻസിയുടെയും മകനായ ആറ് വയസുകാരൻ ജറോമിനു വേണ്ടിയാണ് പഞ്ചായത്തിലെ 22 വാർഡുകളിൽ സന്നദ്ധ പ്രവർത്തകൾ ധനസമാഹരണത്തിനിറങ്ങിയത്. 30 ലക്ഷം പ്രതീക്ഷിച്ചിറങ്ങിയ സന്നദ്ധപ്രവർത്തകർക്ക് 90 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ജറോമിന്റെ ചികിത്സ. അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് കുടുംബത്തിനായി നാട് കൈകോർത്തത്.
ചങ്ങനാശേരി പ്രത്യാശയുടെ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. തോമസ് ചാഴികാടൻ എംപി, മന്ത്രി വി.എൻ.വാസവൻ, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ. മുഴുവൻ തുകയും അതിരമ്പുഴ റീജിയണൽ സഹകരണ ബാങ്കിൽ പ്രത്യേകം അകൗണ്ടായി സൂക്ഷിക്കും. ജറോമിന്റെ ചികിത്സാ ചിലവിനുള്ള തുക ആശുപത്രിയുടെ അകൗണ്ടിലേക്കാണ് നൽകുന്നത്. ബാക്കി തുക സമാന സ്വഭാവമുള്ള ചികിത്സാ സഹായങ്ങൾക്കായാവും വിനിയോഗിക്കുക. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല , ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, അതിരമ്പുഴ പള്ളി വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ, പ്രത്യാശ ഡയറക്ടർ ഫാ. സബാസ്റ്റിയൻ പുന്നശേരി, ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യ, ജന.കൺവീനർ ജോസഫ് പാറപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.