
കോട്ടയം. സംസ്ഥാന കബഡിതാരം കുമരകം പൊങ്ങലക്കരി കപ്പടച്ചിറ കെ.ജെ.ജോജി ഇപ്പോൾ വേമ്പനാട്ട് കായലിൽ കക്കവാരുകയാണ്. രണ്ട് വർഷമായി പൂർണമായും കബഡി വിട്ടിട്ട്. അഞ്ചംഗ കുടുംബത്തിന്റെ വിശപ്പ് മാറ്റാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ. വേമ്പനാട്ട് കായലിൽ നിന്ന് മുങ്ങിയെടുക്കുന്ന കക്കയും വലവീശിപ്പിടിക്കുന്ന മീനുമൊക്കെയാണ് വരുമാനമാർഗം.
വേമ്പനാട്ട് കായലിന്റെ തീരത്ത് ജനിച്ച ജോജിക്ക് പ്രദേശത്തെ വലിയ ചേട്ടൻമാരാണ് കബഡിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. എട്ടാം ക്ളാസിൽ ജില്ലാ ടീമിലെത്തിയ ജോജി അധികം വൈകാതെ സംസ്ഥാന ടീമിൽ ഇടം നേടി. കൊല്ലം സായിയിൽ പ്രവേശനം ലഭിച്ചതോടെ പ്രൊഫഷണൽ കബഡി പ്ളേയറായി. സംസ്ഥാന കബഡി അസോസിയേഷനിലും അംഗമായി. മൂന്ന് വർഷം വിവിധ സംസ്ഥാനങ്ങളിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ടീം ക്യാമ്പിലുമുണ്ടായിരുന്നു. മത്സരങ്ങളിലൊക്കെ നേട്ടം കൊയ്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടും ജീവിതത്തിന്റെ സമ്പാദ്യപ്പെട്ടിയിൽ മിച്ചമൊന്നുമുണ്ടായില്ല. അതോടെ ജോജി കളത്തിൽ നിന്ന് പിൻവാങ്ങി. രാവിലെ കക്കവാരൽ. വൈകിട്ട് 5.30ന് വള്ളവുമായി നടുക്കായലിൽ പോയി രാത്രി മുഴുവൻ വലയെറിയും. കരിമീനും കൊഞ്ചുമൊക്കെയായി പുലർച്ചെ കുമരകം മാർക്കറ്റിലെത്തും.
കുഞ്ഞുവീടിന്റെ അലമാരിയിലിരിക്കുന്ന ട്രോഫിയും സർട്ടിഫിക്കറ്റുകളും ഇടയ്ക്കെടുത്ത് നോക്കും. പൊടിതട്ടി വീണ്ടും തിരികെ വയ്ക്കും. ഇപ്പോൾ 32 വയസായി. കുടുംബവും കുട്ടിയുമായി. കബഡിയെന്ന് പറഞ്ഞ് ഇനിയും നടക്കാൻ കഴിയുകയുമില്ല. സ്പോർട്സ് കൗൺസിലിൽ നിന്ന് ജോലി ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു. കെ.ഒ.ജോസിന്റെയും സുഭദ്രയുടേയും മകനാണ്. ഭാര്യ പ്രിയ. മകൾ: ടെസ.
ജോജി പറയുന്നു.
'' സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഒപ്പമുണ്ടായിരുന്നവരൊക്കെ പലപല തൊഴിലിലേയ്ക്ക് മടങ്ങി. മറ്റ് സംസ്ഥാനങ്ങളൊക്കെ കബഡി താരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ നിരാശയാണ് ഫലം''