
കോട്ടയം. പൂച്ചെടികൾക്ക് പകരം വീട്ടുമുറ്റത്ത് ഒരുക്കിയ കരനെൽകൃഷിയുടെ വിളവെടുപ്പിലായിരുന്നു സെബാസ്റ്റ്യനും കുടുംബവും. കിടങ്ങൂർ കടപ്പൂർ മുതുക്കാട്ടിൽ വീട്ടിൽ കുട്ടപ്പൻ എന്നറിയപ്പെടുന്ന സെബാസ്റ്റ്യൻ തോമസിന്റെ വീടിനു മുറ്റത്താണ് കരനെൽകൃഷി നടത്തിയത്. പുത്തൻ തലമുറയ്ക്ക് മാതൃകയായ ഈ കൃഷി സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിയിരുന്നു.
നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും പാടശേഖരത്തിലെ മണ്ണ് എടുക്കാതെ, മതിലിന്റെ ഇരുവശവും വൃത്തിയാക്കി, ഡി വൺ ഇനത്തിൽപ്പെട്ട വിത്താണ് പാകിയത്. കരനെൽകൃഷി പാടശേഖരത്തിലേതിനെക്കാൾ പ്രയാസമേറിയതാണ്. വെള്ളം നിൽക്കാത്തതിനാൽ ദിവസം മൂന്ന് നേരം വെള്ളം തളിച്ചാണ് പരിപാലിച്ചത്. ജനുവരി ആദ്യമാണ് കൃഷിയൊരുക്കിയത്. കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്റെ ഭാര്യ നിഷ, മകൻ ടോംസ്, മരുമകൾ സാൻഡ്ര, കൊച്ചുമകൾ നദാനിയ മറിയം എന്നിവരും ജോലിക്കാരും ചേർന്ന് പാകമായ നെല്ല് കൊയ്‌തു. തുടർന്ന്, കറ്റകെട്ടി കല്ലിൽ മെതിച്ചെടുത്തു. അഞ്ച് പറ നെല്ല് ലഭിച്ചു. ഇതിൽ കുറച്ച് ഭാഗം വിത്തിനായി മാറ്റും. ബാക്കി വീട്ടാവശ്യത്തിനും ആവശ്യമുള്ളവർക്കും നൽകും.
വീടിന്റെ പ്രവേശനഭാഗത്തെ മതിലിന് ഇരുവശത്തും നട്ടുപിടിച്ചിരുന്ന പുല്ല് മഴയിൽ നശിച്ചുപോയതോടെ, നെല്ലു വിതയ്ക്കുകയെന്ന ആശയത്തിലെത്തുകയായിരുന്നു. ഇടപ്പാതിയിൽ വീണ്ടും കൃഷി ആരംഭിക്കും. കൂടുതൽ സ്ഥലത്ത് നെൽകൃഷി ഒരുക്കാനാണ് പദ്ധതി.