കോട്ടയം : ആറുമാസം മുൻപ് നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടിയിൽ വീണ്ടും പോള നിറഞ്ഞു. 8 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരിച്ചബോട്ട് ജെട്ടിയിൽ വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, നടപ്പാത, ഇരുനിലകളിൽ വാച്ച്ടവർ, കുട്ടികളുടെ പാർക്ക്, ശിക്കാര വള്ളം, ശൗചാലയം എന്നിവ സജ്ജമാക്കിയിരുന്നു. നടപ്പാത, വിളക്ക് കാലുകൾ, ഹോട്ടൽ, സ്‌നാക്‌സ് പാർലർ, കൂൾബാർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവ് കുറവാണ്. കോടിമതബോട്ട് ജെട്ടി മുതൽ കൊടൂരാറിന്റെ തീരം, കച്ചേരിക്കടവ്‌ബോട്ട് ജെട്ടി മുതൽ പുത്തൻതോട് വരെ നടപ്പാത സൗകര്യമുണ്ട്. ഇതിനു രണ്ടിനും ഇടയിൽ വരുന്ന ഒരു കിലോമീറ്റർ ദൂരത്തിൽ കൂടി നടപ്പാത നിർമിച്ചാൽ നഗരത്തിലെ ഏറ്റവും സൗകര്യപ്രദവും മനോഹരവും സുരക്ഷിതവുമായ പ്രഭാത, സായാഹ്ന വ്യായാമ നടത്തത്തിന് പ്രയോജനകരമാകും.

രാജഭരണകാലത്ത് കോട്ടയത്തിന്റെ മുഖം

1888 ൽ ദിവാനായിരുന്ന പേഷ്‌കാർ ടി രാമറാവുവാണ് കച്ചേരിക്കടവ്‌ബോട്ട് ജെട്ടി സ്ഥാപിച്ചത്. ആലപ്പുഴയിൽനിന്നും കൊല്ലത്തുനിന്നും വാണിജ്യവ്യവസായ ആവശ്യങ്ങൾക്ക് വള്ളവുംബോട്ടും വന്നുചേരുന്ന പ്രധാനകടവായി കച്ചേരിക്കടവ് മാറി. റോഡുകളും വാഹനങ്ങളും സജീവമായപ്പോൾ ബോട്ട് യാത്ര കുറച്ചതോടെ പുത്തൻതോട് പോളകയറിയും ചെളിനിറഞ്ഞും മലിനമാകുകയായിരുന്നു. രാജഭരണകാലത്ത് കോട്ടയത്തിന്റെ മുഖമായിരുന്ന കച്ചേരിക്കടവ് പഴയബോട്ടുജെട്ടി പുതുക്കി നിർമ്മിച്ചശേഷം പിന്നീട് വാട്ടർ ഹബായി മാറി.