bb

കോട്ടയം: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനിയർ പിടിയിലായി. മൈനർ ഇറിഗേഷൻ വിഭാഗം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസിനെ 10,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് കുരുക്കിയത്.

ലിഫ്റ്റ് ഇറിഗേഷൻ കരാറുകാരന്റെ സെക്യൂരിറ്റി തുകയായ രണ്ടര ലക്ഷം രൂപ കൈക്കൂലി നൽകിയാലേ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു എൻജിനിയർ. കൈക്കൂലിത്തുക പറഞ്ഞുറപ്പിച്ചശേഷം രണ്ട് ലക്ഷം രൂപയുടെ ചെക്ക് നൽകി. പതിനായിരം രൂപ നൽകുമ്പോൾ ബാക്കി തുക അനുവദിക്കാമെന്നും പറഞ്ഞു. തുടർന്നാണ് വിജിലൻസിനെ അറിയിച്ചത്.

ഡിസംബറിൽ വിരമിക്കാനിരിക്കെയാണ് അറസ്റ്റ്. കൈക്കൂലി വാങ്ങിയെന്ന പരാതി മുമ്പും ഉയർന്നിട്ടുണ്ട്. 2014-17 വർഷങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത പണം ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം തുടരുകയാണ്.

കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി കെ. വിദ്യാധരന്റെ നേൃതത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.