mulaku

കോട്ടയം. അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് മുളകിനും വില വർദ്ധിച്ചു. വേനൽമഴ മൂലം വരവ് കുറഞ്ഞതോടെയുമാണ് വില വർദ്ധിച്ചത്. 180 രൂപയായിരുന്ന വറ്റൽ മുളകിന് 220 രൂപയാണ്. പിരിയൻ മുളകിന് 240 രൂപയും കാശ്മീരി മുളകിന് 420 രൂപയുമായി . മുൻപ് 160, 180 എന്നിങ്ങനെയായിരുന്നു ഇവയുടെ വില. വേനൽ മഴയിൽ കൃഷി നശിച്ചതിനെ തുടർന്നാണ് മുളകിനും ക്ഷാമം നേരിട്ടു തുടങ്ങിയത്. കർണാടക, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മുളക് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മുളക് എത്തുന്നുണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

സപ്ലൈകോ സ്‌റ്റോറുകളിലും വറ്റൽ മുളക് സ്‌റ്റോക്കില്ല. ഈ തക്കം നോക്കി പാക്കറ്റ് മുളക് പൊടിയുടെ വിലയും കമ്പനികൾ വർദ്ധിപ്പിച്ചു. സാധാരണ മുളക് പൊടിയുടെ നിലവിലെ വില കിലാേയ്ക്ക്

300 രൂപയാണ്. വേനൽക്കാലമായതിനാൽ വറ്റൽ മുളക് വാങ്ങി പൊടിച്ചെടുത്ത് ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലും പൊടി വാങ്ങുന്നവരാണ് കൂടുതലും.