kumarakom2

കോട്ടയം. ഉത്തരവാദിത്വ ടൂറിസം വിജയകരമായി നടപ്പാക്കിയതിന്റെ ലോക മാതൃകയാണ് കുമരകമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ വൻ തുക നൽകി റിസോർട്ടോ ഹൗസ് ബോട്ടോ ബുക്ക് ചെയ്യണം. ഇതിന് പാങ്ങില്ലാത്ത സാധാരണ സഞ്ചാരികൾ, പ്രത്യേകിച്ചും സ്ത്രീകൾ എവിടെ പോയി "കാര്യം സാധിക്കുമെന്ന "ചോദ്യത്തിന് ടൂറിസം വകുപ്പിനോ പഞ്ചായത്ത് അധികൃതർക്കോ മറുപടിയില്ല.

കുമരകത്തിന് പുറമേ അയ്മനം, ആർപ്പുക്കര പഞ്ചായത്തുകളിലും ഉത്തരവാദിത്വ ടൂറിസം പദ്ധതി വ്യാപിപ്പിക്കുമ്പോഴും ടോയ്‌ലെറ്റ് സംവിധാനമൊരുക്കലിനെക്കുറിച്ച് ബന്ധപ്പെട്ടവർ ചിന്തിച്ചിട്ടില്ല.

കുമരകം ചന്തക്കവല, സർക്കാർ ബോട്ട് ജെട്ടി, കവണാറ്റിൻകര, കൈപ്പുഴ മുട്ട് ,ചീപ്പുങ്കൽ തുടങ്ങിയ ഹൗസ് ബോട്ടുജെട്ടിയിൽ അത്യാവശ്യം ടോയ്‌ലെറ്റ് സംവിധാനമില്ല. ജലഗതാഗതവകുപ്പിന്റെ ജെട്ടിയിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലും അതിൽ കയറുന്നവർ കുമരകത്ത് പിന്നൊരിക്കലും വരില്ലെന്ന് ശപഥം എടുക്കുന്നത്ര വൃത്തി ഹീനമാണ്. കെ.ടി.ഡി.സി വക മോട്ടൽ ആരാമത്തിന് സമീപം പബ്ലിക് ടോയ്‌ലെറ്റു ള്ളത് കാടുപിടിച്ച സ്ഥലത്തായതിനാൽ പുറത്തു നിന്നെത്തുന്നവർ അറിയാറില്ല. ഇതും വൃത്തി ഹീനമാണ് .

വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലെറ്റുകൾക്കാണ് വിദേശ സഞ്ചാരികൾ പ്രഥമ പരിഗണന നൽകുന്നത്. നക്ഷത്ര റിസോർട്ടുകളിലോ ഹൗസ് ബോട്ടുകളിലോ മാത്രമാണ് ഇതുള്ളത്. സമ്പന്നരായ ടൂറിസ്റ്റുകൾക്ക് മാത്രമേ ഇത് സാധിക്കൂ. വലിയ സംഘമായി വരുന്ന സാധാരണക്കാർ കുമരകത്തെ ഗ്രാമീണ സൗന്ദര്യം നുകർന്ന ശേഷം ഒന്നു മൂത്രമൊഴിക്കണമെങ്കിൽ വിജനമായ സ്ഥലം തേടി നടക്കണം. സ്ത്രീകളുടെ കാര്യമാണ് കഷ്ടം . ഹൗസ് ബോട്ട് ജീവനക്കാരുടെ കൈയും കാലും പിടിച്ച് ബോട്ടിൽ കയറിയാണ് പലരും കാര്യം സാധിക്കുന്നത്.

ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ പറയുന്നു.

കുമരകത്ത് വരുന്ന സഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് ടോയ് ലെറ്റ് സംവിധാനമില്ലെന്നത് ശരിയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ് ലെറ്റ് സംവിധാനം കുമരകത്ത് നടപ്പാക്കാൻ ടൂറിസം ഡയറക്ടറേറ്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സ്ഥലം ലഭിക്കാത്തതാണ് പ്രശ്നം. അന്വേഷിച്ചു മടുത്തു.എട്ട് സെന്റ് സ്ഥലമെങ്കിലും ലീസിന് കിട്ടിയാലും ആധനിക സജ്ജീകരണത്തോടെയുള്ള ടോയ് ലെറ്റ് പണിയാൻ ടൂറിസം വകുപ്പ് തയ്യാറാണ്.

ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രവർത്തകൻ ഭഗത് സിംഗ് പറയുന്നു.

കൂടുതൽ പ്രദേശങ്ങൾ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായതോടെ കൂടുതൽ ടോയ് ലെറ്റുകൾ ആവശ്യമായി. ചന്തക്കവലയിൽ അത്യാവശ്യമാണ്, നാല് പങ്ക്, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് തുടങ്ങി ടൂറിസ്റ്റുകൾ ഏറെയെത്തുന്ന സ്ഥലങ്ങളിൽ അടിയന്തിരമായി ടോയ് ലെറ്റുകൾ പണിയണം. നിലവിൽ ഉള്ളതിൽ പലതും വൃത്തി ഹീനമാണ് . ഈ സ്ഥിതി മാറണം,