കാഞ്ഞിരപ്പള്ളി: ബൈപാസിന്റെ സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ. സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി വസ്തു ഉടമകൾക്ക് തുക കൈമാറൽ പൂർത്തിയായി. വസ്തു വിലയായി 24 കോടി രൂപയാണ് ആകെ കൈമാറിയത്. 41 സബ് ഡിവിഷനുകളിലായി കിടക്കുന്ന ഭൂമിക്കായി 32 പേർക്കാണ് തുക നൽകാനുണ്ടായിരുന്നത്. ഇതിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ 4 പേർക്ക് മാത്രമാണ് ഇനി തുക കൈമാറാനുള്ളത്. ഇതുവരെ 24,76,41,590 രൂപ കൈമാറി. ഇവരുടെ ഏകദേശം 8.64 ഏക്കർ സ്ഥലം നാളെ ആർ.ബി.ഡി.സി.കെയ്ക്ക് കൈമാറും. ബാക്കിയുള്ളവർക്ക് 2 ആഴ്ചയ്ക്കുള്ളിൽ തുക ലഭിക്കുമെന്ന് ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് അറിയിച്ചു.
ബൈപാസിന്റെ നിർമ്മാണത്തിനായി പുതുക്കിയ നിരക്കിൽ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടി രൂപയാണ്. ഇതിൽ 11 കോടിയോളം രൂപ ഫ്‌ളൈഓവറിന് മാത്രമാണ്. ബാക്കി തുക കൂടി കൈമാറി സ്ഥലം ലഭിക്കുന്നതോടെ ടെണ്ടർ ചെയ്യാൻ സാധിക്കും.