വൈക്കം: ആതുര സേവനത്തിന്റെ മുഖം സൗമ്യതയാവണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈക്കത്ത് കേരളകൗമുദിയും ആശ്രമം സ്‌കൂളും കാരിത്താസ് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തോടെ പെരുമാറുന്ന ഡോക്ടർമാരും ചിരിക്കുന്ന നഴ്‌സുമാരുമെല്ലാം രോഗികൾക്ക് മരുന്നിനേക്കാളേറെ ആശ്വാസം പകരും. ക്രൈസ്തവ സഭകൾ നടത്തുന്ന ആശുപത്രികളുടെ ഈ സൗമ്യ മുഖമാണ് ആവിടേയ്ക്ക് രോഗികളെ എത്തിക്കുന്നത്. വിവാഹപൂർവ കൗൺസലിംഗ് മുതൽ പ്രാർത്ഥനകൾ വരെ എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന പല പരിപാടികളും ക്രൈസ്തവരിൽ നിന്ന് കണ്ടു പഠിച്ചതാണ്. ആരിൽ നിന്ന് പഠിക്കുന്നു എന്നതിനല്ല, എന്ത് പഠിക്കുന്നു എന്നതിനാണ് പ്രസക്തി.
നേര് നേരേ പറയും എന്നതാണ് തന്റെ ഗുണവും ദോഷവും. വർഗ്ഗീയ വാദിയെന്ന് പലരും പറയുന്നതും അതിനാലാണ്. ഇവിടെ നിലനിൽക്കുന്ന ജാതിവിവേചനവും അതിന് അടിസ്ഥാനമായ ജാതിചിന്തയും ഇല്ലാതാവാനാണ് താൻ ജാതി പറയുന്നത്. ജാതിയുടെ പേരിൽ ഇവിടെ നീതി നിഷേധിക്കപ്പെടുന്നു. സംവരണത്തിൽ പോലും വെള്ളം ചേർക്കപ്പെടുന്നു. ജാതി വിവേചനത്തിൽ നിന്നാണ് ജാതിചിന്തയുണ്ടാവുന്നതെന്ന തിരിച്ചറിവ് തനിക്ക് ജാതി പറയുന്നവനെന്ന മുദ്ര ചാർത്തുന്നവർക്ക് ഉണ്ടാവണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡന്റും സ്‌കൂൾ മാനേജരുമായ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെൻ ധന്യ സാരഥ്യ രജത ജൂബിലി സന്ദേശം നൽകി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്വാഗതവും ആശ്രമം സ്‌കൂൾ എച്ച്.എം പി.ആർ.ബിജി നന്ദിയും പറഞ്ഞു. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് പി.മോഹൻ, ആശ്രമം സ്‌കൂൾ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഷാജി ടി.കുരുവിള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.ജ്യോതി, എൽ.പി വിഭാഗം എച്ച്.എം പി.ടി. ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഇ.പി. ബീന, മഞ്ജു എസ്.നായർ, എസ്.പി. സി സി.പി.ഒ ആർ.ജെഫിൻ, എ.സി.പി.ഒ പി.വി.വിദ്യ എന്നിവർ സന്നിഹിതരായിരുന്നു.
കാരിത്താസിന്റെ ലക്ഷ്യം നല്ല ആരോഗ്യം : റവ. ഡോ.ബിനു കുന്നത്ത്
തന്നോട് ചേർന്ന് നിൽക്കുന്ന ജനങ്ങളോടുള്ള കരുതലാണ് ഒരാളെ നേതാവാക്കുന്നതെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ.ബിനു കുന്നത്ത് പറഞ്ഞു. തന്നെ വിശ്വസിക്കുന്ന വലിയൊരു ജനസമൂഹത്തോടുള്ള വെളളാപ്പള്ളി നടേശൻ എന്ന നേതാവിന്റെ കരുതലാണ് യോഗത്തെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മഹാപ്രസ്ഥാനമാക്കി, ശക്തിയാക്കി വളർത്തിയത്. മറ്റുള്ളവർക്ക് വഴികാട്ടിയാവുമ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതം സഫലമാകുന്നത്. അസംഘടിതരായിരുന്ന ഒരു ജനവിഭാഗത്തിന് മാർഗ്ഗദീപം തെളിച്ച് അവരെ ഗുരുദർശനങ്ങളെന്ന ഒരേ തത്വശാസ്ത്രത്തിന് കീഴിൽ കൊണ്ടുവന്ന് കരുത്തരാക്കിയ വെള്ളാപ്പള്ളിയുടേത് ധന്യ ജീവിതമാണ്.
വജ്രജൂബിലിയിലൂടെ കടന്നുപോകുന്ന കാരിത്താസ് ആശുപത്രിയുടെ ലക്ഷ്യം എല്ലാവർക്കും നല്ല ആരോഗ്യം എന്നതാണ്. അതിനായി കാരിത്താസും പ്രവർത്തകരും എന്നും നാടിനൊമൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.