kudumbashree

കോട്ടയം. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന മേളയിൽ ഗ്രാമീണ ഉത്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും വിറ്റഴിച്ച് നേട്ടം കൊയ്ത് കുടുംബശ്രീ. കുടുംബശ്രീ കഫേയുടെ ആറു യൂണിറ്റുകളിലും 23 വിപണന സ്റ്റാളുകളിലുമായി നടന്നത് 15.45 ലക്ഷം രൂപയുടെ കച്ചവടമാണ്. പച്ചക്കറി വിപണനത്തിനുള്ള നാട്ടുചന്ത ഉൾപ്പെടെയുള്ള സ്റ്റാളുകളിൽ 6,74,602 രൂപയുടെയും കഫേയിൽ നിന്ന് 8,70,970 രൂപയുടെയും വിൽപ്പന നടന്നു.
ജില്ലയുടെ വിവിധ മേഖലയിൽ നിന്നുള്ള 73 സംരംഭകർ 24 സ്റ്റാളുകളിലായി അണിനിരന്നു. ഇവരുടെ 182 ഇനം ഉത്പന്നങ്ങളും 32 ജെ.എൽ.ജി. യൂണിറ്റുകളുടെ കാർഷിക ഉത്പന്നങ്ങളും മേളയിലുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ കുടുംബശ്രീകളിൽ നിന്നെത്തിയ 6 കഫേ യൂണിറ്റുകൾ ഒരുക്കിയ ഫുഡ് കോർട്ടിലും നല്ല വിൽപ്പന നടന്നു.
കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ബാഗുകൾ, ഇരുമ്പുപാത്രങ്ങൾ, നാടൻ കത്തികൾ, കളിമൺ പാത്രങ്ങൾ, ചക്ക വിഭവങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ഫാൻസി ആഭരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സാനിറ്ററി വെയേഴ്‌സ്, പലഹാരങ്ങൾ, കേക്ക്, ചോക്ലേറ്റ് തുടങ്ങിയവയും വിറ്റഴിച്ചു. ശീതള പാനീയങ്ങൾ തയ്യാറാക്കി സന്ദർശകരുടെ ദാഹം ശമിപ്പിച്ച ജ്യൂസ് കഫേ യൂണിറ്റും മികച്ച വരുമാനം നേടി.