കുമരകം : ദീർഘനാളത്തെ കുമരകം നിവാസികളുടെ സ്വപ്നമായ കോണത്താറ്റ് പാലത്തിന്റെ പുനർനിർമ്മാണ ഉദ്ഘാടനം 9 ന് വൈകിട്ട് 5 ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ആറ്റാമംഗലം പള്ളി മൈതാനത്ത് പാലത്തിന് സമീപമാണ് ഉദ്ഘാടന ചടങ്ങ്. സംഘാടക സമതി യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാറെങ്കിലും നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന പാലത്ര കൺസ്ട്രക്ഷനും പെരുമാലിൽ കൺസ്ട്രക്ഷനും ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 26.20 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം നടപ്പാതയുമുണ്ട്. പാലത്തിന്റെ കിഴക്ക് വശത്ത് 30 മീറ്റർ നീളത്തിലും പടിഞ്ഞാറുവശത്ത് 51 മീറ്റർ നീളത്തിലും,13 മീറ്റർ വീതിയിലും അപ്രോച്ച് റോഡും നിർമ്മിക്കും.