പാലാ : രാമപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിലെ നിലവിലുള്ള പ്രസിഡന്റ് ഷൈനി സന്തോഷിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെ ബി.ജെ.പി.യെ കൂട്ടുപിടിച്ച് ഭരണത്തിലേറാൻ ചരടുവലികൾ ശക്തം. രാമപുരം ഗ്രാമപഞ്ചായത്തിൽ നിലവിൽ കോൺഗ്രസും, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചേർന്ന യു.ഡി.എഫിനാണ് ഭരണം. വർഷങ്ങളായി പഞ്ചായത്തിനെ മികച്ച രീതിയിൽ നയിച്ച് ഭരണപരിചയമുള്ള ഷൈനി സന്തോഷിനെ തന്നെ കോൺഗ്രസ് ആദ്യം പ്രസിഡന്റാക്കുകയായിരുന്നു. കേരള കോൺഗ്രസിലെ ജോഷി ജോസഫാണ് വൈസ് പ്രസിഡന്റ്. ധാരണപ്രകാരം ഇരുവരുടെയും കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് പഞ്ചായത്തിലെ പ്രതിപക്ഷം ഒന്നിച്ചുചേർന്ന് ഭരണം പിടിക്കാനുള്ള നീക്കങ്ങൾ സജീവമായത്. നിലവിൽ കേരള കോൺഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളുണ്ട്. രണ്ട് മെമ്പർമാർ സ്വതന്ത്രരായാണ് മത്സരിച്ചതെങ്കിലും ഇവരുമിപ്പോൾ മാണി ഗ്രൂപ്പിന്റെ പാതയിലാണ്. ബി.ജെ.പിയ്ക്ക് മൂന്ന് മെമ്പർമാരുണ്ട്.
കേരള കോൺഗ്രസും രണ്ട് സ്വതന്ത്രൻമാരും ചേർന്നതോടെ ഇടതുമുന്നണിയ്ക്ക് ഏഴ് അംഗങ്ങളായി. യു.ഡി.എഫിന് നിലവിൽ എട്ട് അംഗങ്ങളാണുള്ളത്. മൂന്ന് ബി.ജെ.പി പ്രതിനിധികളുടെ നിലപാടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക.
ചാക്കിട്ട് പിടിക്കൽ നീക്കം ഇങ്ങനെ
ബി.ജെ.പി.യെ കൂട്ടുപിടിച്ച് ഏത് വിധേനയും ഭരണത്തിലേറാൻ പഞ്ചായത്ത് സമിതിയിലെ ഒരു വിഭാഗം കൊണ്ടുപിടിച്ച ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സ്വതന്ത്രരായി വിജയിച്ച അമ്മിണിയെ പ്രസിഡന്റായും, വിജയകുമാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്ത് ബി.ജെ.പി.യെക്കൂടി ചേർത്ത് ഭരണം നടത്താനാണ് ശ്രമം. എന്നാൽ തങ്ങൾക്ക് സ്ഥാനം കിട്ടാത്ത ഒരു കൂട്ടുകെട്ടിനും ബി.ജെ.പി തയ്യാറായേക്കില്ല എന്നാണ് പാർട്ടിയിലെ ചില നേതാക്കൾ വെളിപ്പെടുത്തുന്നത്. മാത്രമല്ല ഇടതുമുന്നണിയും ബി.ജെ.പി.യുമായുള്ള ബാന്ധവം ഇരുകൂട്ടർക്കും തലവേദനയാകുകയും ചെയ്യും.
അടുത്ത ഉൗഴം ലിസമ്മയ്ക്ക്
യു.ഡി.എഫിലെ ധാരണയനുസരിച്ച് ഷൈനി സന്തോഷ് രാജിവച്ചാൽ പിന്നീടുള്ള ഊഴം കേരള കോൺഗ്രസിലെ ലിസമ്മ മത്തച്ചനാണ്. നിലവിലെ വൈസ് പ്രസിഡന്റ് ജോഷിജോസഫ് രാജിവയ്ക്കുന്ന ഒഴിവിൽ കോൺഗ്രസിലെ കെ.കെ.ശാന്താറാമിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കാനും നേരത്തെ ധാരണയായിരുന്നു.