കാഞ്ഞിരപ്പള്ളി : ബൈപ്പാസിനായി വില കൊടുത്ത് ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം നിർവഹണ ഏജൻസിയായ കേരളാ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് കൈമാറിയതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. 2013 ലെ സ്ഥലമേറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നൽകിയത്. ആർ.ബി.ഡി.സി.കെയുടെ മേൽനോട്ടത്തിൽ കിറ്റ്‌കോയാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാദ്ധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേർത്താണ് ഡിസൈൻ. പുതുക്കിയ എസ്റ്റിമേറ്റ് 30 കോടിയാണ്. ഇതിൽ 11 കോടി ചിറ്റാർപുഴയ്ക്കും കാഞ്ഞിരപ്പള്ളി - മണിമല റോഡിനും മുകളിലായുള്ള ഫ്ലൈഓവറിന് മാത്രമാണ്. സ്ഥലം കൈമാറുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഡെപ്യൂട്ടി കളക്ടർ പി.രാജൻ, തഹസിൽദാർ നിജു കുര്യൻ, റവന്യൂ ഉദ്യോഗസ്ഥരായ നൂറുള്ള, രാജേഷ് ജി., നസീർ എ, ബിറ്റു, ഷൈജു ഹസൻ, ആർ.ബി.ഡി.സി മാനേജർ അജ്മൽ ഷാ, ഡി.ജി.എം റിനു എലിസബത്ത് എന്നിവർ സന്നിഹിതരായിരുന്നു.