ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം തൃക്കൊടിത്താനം 59, 1348, 1349 എന്നീ ശാഖകൾ സംയുക്തമായി ചേർന്ന് നടത്തിയ തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റവാളികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം. ശാഖാ പ്രവർത്തകരുടെയും ക്ഷേത്രയോഗം ഭാരവാഹികളുടെയും യോഗം സംഭവത്തിൽ പ്രതിഷേധിച്ചു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെ അദ്ധ്യക്ഷത വഹിച്ചു. ദേശതാലപ്പൊലി ഘോഷയാത്ര അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും ഒരു പ്രതിയെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു. യൂണിയൻ സുരേഷ് പരമേശ്വരൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കേസിലെ മറ്റ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി.