ദേശീയപാതയിൽ കാഴ്ച മറച്ച് കാട്

മണർകാട്: അപകടവളവ്...ഒപ്പും റോഡിലേക്ക് വളർന്നിറങ്ങി കാടും പടലവും. കടന്നുപോകുന്ന ഓരോ യാത്രികന്റെയും മനസിൽ ഭയം മാത്രം. ദേശീയപാതയിൽ മണർകാട് ഐരാറ്റുനടയിലാണ് യാത്രക്കാരുടെ കാഴ്ച്ച മറച്ച് റോഡിലേക്ക് കാടും പടലവും വളർന്നു നിൽക്കുന്നത്. ഇവിടെ വളവിൽ അപകടങ്ങൾ പതിവാണ്. ഒപ്പം വഴിവിളക്കുമില്ല. സന്ധ്യമയങ്ങിയാൽ കാട് നിറഞ്ഞ ഭാഗം ഇരുട്ടിലാകും. റോഡിന് ഇരുവശത്തായി പാടശേഖരമായതിനാൽ റോഡിൽ ഇഴജന്തുക്കളുടെ സാനിധ്യവുമുണ്ട്. റോഡിന്റെ വശങ്ങൾ പൂർണമായും കാടും പുല്ലും നിറഞ്ഞ നിലയിലാണ്. നടപ്പാതകൾ ഇവിടെ അന്യമാണ്. പരാതി ഉയർന്നിട്ടും പഞ്ചായത്ത് അധികൃതർക്ക് ഇത് കണ്ടമട്ടില്ല.

തള്ളും, ഇഷ്ടംപോലെ

കാട് നിറഞ്ഞതിനാൽ മാലിന്യം തള്ളുന്നത് വ്യാപകമാണ്. വാഹനങ്ങളിൽ എത്തുന്നവർ വലിയതോതിൽ ഇവിടെ അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നുണ്ട്. ഇടക്കാലത്ത് പ്രദേശം വൃത്തിയാക്കിയിരുന്നു. റോഡരികിൽ ഓടയുണ്ടെങ്കിലും മൂടിയില്ലാത്ത സ്ഥിതിയാണ്. കാലപ്പഴക്കം ചെന്ന വൈദ്യുതി പോസ്റ്റുകളും റോഡരികിൽ ഭീഷണിയായുണ്ട്.