കോട്ടയം : ഈ റോഡിലൂടെ എങ്ങനെ മൂക്കുപൊത്താതെ നടക്കും. അത്രയ്ക്കല്ലെ മാലിന്യം കുന്നുകൂടി കിടക്കുന്നത്. മഴ കൂടി പെയ്തതോടെ വഴിനീളെ മാലിന്യം ഒഴുകി നടക്കുകയാണ്. നഗരത്തിരക്കിൽ നിന്ന് മാറി കച്ചേരിക്കടവിലേക്ക് പോകുന്ന ഭാഗത്തെ ഇടറോഡിലാണ് മാലിന്യങ്ങൾ കൂട്ടിവച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെയും അറവ് ശാലകളിലെയും വീടുകളിലെയും മാലിന്യങ്ങൾ അടക്കം ഇക്കൂട്ടത്തിലുണ്ട്. എല്ലാം പ്ലാസ്റ്റിക്ക് കവറിലാക്കി ഭദ്രമാക്കി വച്ചിരിക്കുകയാണ്. നിരവധി പേർ ദിനംപ്രതി കടന്നു പോകുന്ന റോഡിലാണ് മാലിന്യനിക്ഷേപം. നാളുകളായ മാലിന്യം അഴുകി രൂക്ഷഗന്ധമാണ് ഇവിടെ നിന്ന് വമിക്കുന്നത്. കൊതുകും ഈച്ച ശല്യവും രൂക്ഷമാണ്.മാലിന്യ നിക്ഷേപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയിൽ നിന്ന് അറിയിപ്പ് കടലാസിൽ മാത്രം ഒതുങ്ങുകയാണ്. തെരുവ് നായ ശല്യവും വർദ്ധിക്കുകയാണ്. ഇടറോഡുകളിൽ വെളിച്ചം ഇല്ലാത്തതും കാട് പിടിച്ച പ്രദേശങ്ങളും ആളൊഴിഞ്ഞ പ്രദേശങ്ങളും മാലിന്യ നിക്ഷേപകർക്ക് സഹയാമാകുകയാണ്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്ത് മാലിന്യ നിക്ഷേപകർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെയും സ്ഥിതി സമാനം

കാരാപ്പുഴ റോഡ്

തിരുനക്കര റോഡ്

ക്ഷേത്രം റോഡ്

ചിൽഡ്രൻസ് ലൈബ്രറി