
കോട്ടയം . സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റിച്ച് പാചകവാതക വില കുതിക്കുകയാണ്. ഇന്നലെ 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. ഇതേക്കുറിച്ച്
വീട്ടമ്മമാർ തന്നെ പ്രതികരിക്കുന്നു.
അൻസിയ താഴത്തങ്ങാടി പറയുന്നു.
സ്‌കൂൾ തുറക്കുന്ന സമയത്താണ് കൂടുതൽ പ്രതിസന്ധി. രാവിലെ തന്നെ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കണമെങ്കിൽ പാചകവാതകം കൂടിയേ തീരൂ. ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉണ്ടെങ്കിലും വൈദ്യുതി തടസ്സം നേരിട്ടാൽ ഭക്ഷണം തയ്യാറാക്കാൻ വൈകും.
സീലിയ കോട്ടയം പറയുന്നു.
വില ഇനിയും കൂടിക്കൊണ്ടിരിക്കും. വാടകയ്ക്ക് താമസിക്കുന്ന വീടുകളിൽ വിറക് അടുപ്പ് ഇല്ലാത്തതിനാൽ ഉപയോഗിക്കാനും സാധിക്കില്ല. ഗ്യാസ് മേടിക്കാതെ വേറെ വഴിയില്ല. പ്രതിഷേധങ്ങൾ എത്ര ഉയർന്നാലും ഒരു കാര്യവുമില്ല.
നീതു രാജ് കിടങ്ങൂർ പറയുന്നു.
ജോലിയ്ക്ക് പോകുന്ന വീട്ടമ്മമാർക്ക് വിറക് അടുപ്പ് ഉപയോഗിച്ച് പ്രഭാത ക്രമീകരണങ്ങൾ നടത്താൻ സാധിക്കില്ല. കെട്ടുവിറക്, മറ്റ് വിറക് ശേഖരണങ്ങളും പ്രതിസന്ധി സൃഷ്ടിക്കും.