പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ചരിത്ര പ്രസിദ്ധമായ വെച്ചൂട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്നലെ രാവിലെ 11ന് വെച്ചൂട്ട് ആരംഭിച്ചു. 501 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. വി. ഗീവറുഗീസ് സഹദയുടെ പെരുന്നാളിനോടനുബന്ധിച്ച് കാലങ്ങളായി നടന്നു വരുന്ന ആചാരമാണ് വെച്ചൂട്ട്. ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയുമാണ് വെച്ചൂട്ടിനു വിളമ്പുന്നത്. പള്ളി മുറ്റത്തെ പന്തലിൽ പ്രത്യേക കൗണ്ടറുകളിലായാണ് ചോറ് വിളമ്പിയത്. പള്ളിയുടെ പ്രവേശന കവാടം മുതൽ വെച്ചൂട്ടിനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. നാനാജാതി മതസ്ഥരാണ് വെച്ചൂട്ടിൽ പങ്കെടുത്തത്. നേർച്ചച്ചോർ പന്തലിലിൽ ഇരുന്ന് കഴിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. രാവിലെ നടന്ന ഒൻപതിൻമേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യുസ് കാതോലിക ബാവാ പ്രധാന കാർമ്മികത്വം വഹിച്ചു. ഇരവിനല്ലൂരിലേക്ക് ഉച്ചകഴിഞ്ഞ് നടന്ന റാസയ്ക്ക്‌ശേഷം നടന്ന അപ്പവും കോഴിയിറച്ചിയും വിളമ്പിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.