നെല്ലിന് ഈർപ്പമുണ്ടെന്നാരോപിച്ച് സംഭരണം വൈകിക്കുന്നു

ചങ്ങനാശേരി: ഞങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമാണ് ഇവിടെ കൊയ്ത് കൂട്ടിയിരിക്കുന്നത്!.. ഇതു പറയുമ്പോൾ കർഷകമുഖങ്ങളിൽ നിരാശ നിറയുകയാണ്. നെല്ല് സംഭരണം വൈകുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ക്വിന്റൽ കണക്കിന് നെല്ല് കളത്തിൽ കൂട്ടിയിടേണ്ട സ്ഥിതിയാണ് കർഷകർക്ക്. നെല്ലിന് ഈർപ്പമുണ്ടെന്ന് ആരോപിച്ചാണ് ഏജന്റുമാരും മില്ലുടമകളും സംഭരണം വൈകിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി നെല്ലാണ് കൂട്ടിയിട്ടിരിക്കുകയാണ്.

ചങ്ങനാശേരി താലൂക്കിൽ പറാൽ പള്ളിപ്പാടം, കടമ്പാടം, ഓടേറ്റി തെക്ക്, വെട്ടിതുരുത്ത്, പൂവം തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ലാണ് കളത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിലെ ഒാടേറ്റി തെക്ക് പാടശേഖരമാണ് താലൂക്കിലെ ഏറ്റവും വലിയ പാടശേഖരം. 1300 ക്വിന്റൽ മുതൽ 1500 ക്വിന്റൽ നെല്ലാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഈർപ്പത്തിന്റെ തോത് അനുസരിച്ച് കിന്റലിന് 5 മുതൽ 10 കിലോ വരെ തൂക്കം കുറയ്ക്കുമെന്നാണ് മില്ലുടമകളുടെയും ഏജന്റുമാരുടെയും നിലപാട്. ഇതിനെതിരെ കർഷകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ ഇടപെടണം

കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു.