കോട്ടയം : നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിലെ കട്ടിംഗ് വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മാസങ്ങളായി രൂപപ്പെട്ട കട്ടിംഗ് നികത്തുന്നതിനോ,റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനോ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ടാറിംഗും കോൺക്രീറ്റും ഇളകിമാറി കോൺക്രീറ്റ് കമ്പി തെളിഞ്ഞു കാണാവുന്ന നിലയിലാണ്. ട്രാവൻകൂർ സിമന്റ്‌സിനു സമീപത്തു നിന്ന് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കട്ടിംഗ് രൂപപ്പെട്ടിരിക്കുന്നത്. നാട്ടകം സിമന്റ് കവലയിൽ നിന്ന് നഗരത്തിലെ തിരക്ക് ഒഴിവാക്കി കുമരകം, ഇല്ലിക്കൽ ഭാഗത്തേക്കുള്ള എളുപ്പമാർഗമാണിത്. സായാഹ്നകേന്ദ്രമായതിനാൽ നിരവധി സന്ദർശകരും എത്തുന്നുണ്ട്. കുമരകം ഭാഗത്ത് നിന്ന് പാലം ഇറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്.കട്ടിംഗിന് അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. പാറേച്ചാൽ ഭാഗത്തെ പാടശേഖരത്തിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് നിരവധി വലിയ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. പാലത്തിൽ വലിയ രീതിയിൽ വിടവും രൂപപ്പെട്ട നിലയിലാണ്.
വേഗതയിലാണേൽ പണി പാളും
പാലത്തിന് സമീപം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നതിനും ഇടയാക്കുന്നു. അമിതവേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വഴിവിളക്കുകൾ തെളിയാത്തതിനാൽ രാത്രികാലങ്ങളിൽ കട്ടിംഗ് കാണാനാകില്ല.
വാഹനങ്ങൾക്ക് തകരാറും
ഉയരം കുറഞ്ഞ ചെറുകാറുകളുടെ അടിഭാഗം തട്ടുന്നതിനും കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. കട്ടിംഗ് നികത്തി റോഡ് യാത്ര സുഗമമാക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.