പാലാ: പാലായിൽ ഡിവൈ.എസ്.പിമാർ വാഴുന്നില്ല. അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈ.എസ്.പിമാരെ പാലായിൽ മാറിമാറി പരീക്ഷിക്കുകയാണ് പൊലീസ് വകുപ്പ്. നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ് ഇന്ന് സ്ഥലംമാറും. പകരം നിഥിൻരാജ് ഐ.പി.എസ് ഇന്ന് പാലാ എ.എസ്.പി.യായി ചുമതലയേൽക്കും.

2018ന് ശേഷം പാലായിൽ ഒരു വർഷം തികച്ച് ഡിവൈ.എസ്.പിമാരാരും കസേരയിൽ ഉറച്ചിരുന്നിട്ടില്ല. 2016ൽ ചുമതലയേറ്റ വി.ജി. വിനോദ്കുമാറാണ് (ഇപ്പോഴത്തെ കിഴക്കൻമേഖല വിജിലൻസ് എസ്.പി.) പാലായിൽ രണ്ട് വർഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി.

കഴിഞ്ഞ നാല് വർഷത്തിനിടെ 11 ഡിവൈ.എസ്.പിമാരാണ് പാലായുടെ ചുമതലയേറ്റത്. എല്ലാവരേയും മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥലം മാറ്റി. ഗിരീഷ് പി.സാരഥി, ഷാജുമോൻ ജോസഫ്, ബിജുമോൻ, സുഭാഷ്, ബൈജുകുമാർ, സാജു വർഗീസ്, ഷാജു ജോസ് തുടങ്ങിയവരൊക്കെ ഈ കാലയളവിൽ പാലായിൽ ഡിവൈ.എസ്.പിമാരായി. ഇതിൽ ഗിരീഷ് പി. സാരഥിയും ഷാജുമോൻ ജോസഫും പലതവണയായി പാലായിൽ കുറെ മാസങ്ങളോളം ഡിവൈ.എസ്.പിമാരായിരുന്നു. ഷാജു ജോസ് ക്രമസമാധാനപാലനത്തിനൊപ്പം നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും ഇടപെട്ട് ശ്രദ്ധേയനായിരിക്കവെയാണ് സ്ഥലംമാറ്റം. പാലായിൽ ചുമതലയേറ്റ് എട്ട് മാസം തികയാൻ നാല് ദിവസംകൂടി ഉള്ളപ്പോഴാണ് സ്ഥലംമാറ്റം. ഇന്ന് ചുമതലയേഷക്കുന്ന നിഥിൻ രാജ് കാസർകോഡ് സ്വദേശിയാണ്.

തുടർച്ചയായുള്ള മേലുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാലാ സബ്ഡിവിഷന്റെ പ്രവർത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.