പാലാ: ദിവസവും കടന്നുപോകുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ. തിരക്കേറെയെങ്കിലും റോഡിൽ അവസ്ഥയിൽ മാത്രം മാറ്റമില്ല. രാമപുരം കൂത്താട്ടുകുളം ഇപ്പോൾ കിളച്ചുമറിച്ച അവസ്ഥയിലാണ്. റോഡിൽ ഒന്നല്ല ഒരുപാട് കുഴികൾ. പരാതികൾ അതിലേറെയും. 2016ലാണ് പി.ഡബ്ലി.യു.ഡിയുടെ നേതൃത്വത്തിൽ അവസാനമായി അറ്റകുറ്റപണി നടത്തിയത്. നാലമ്പല ക്ഷേത്രങ്ങളിലേക്കും രാമപുരം പള്ളിയിലേക്കുള്ള പ്രധാന പാതയാണ് രാമപുരം കൂത്താട്ടുകുളം റോഡ്. ഈ സാഹചര്യത്തിൽ തീർത്ഥാടക വാഹനങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്നതും രാമപുരം കൂത്താട്ടുകുളം റോഡിനെയാണ്. രാമപുരം ടൗണിൽ ഉൾപ്പടെ നിരവധി കുഴികൾ രൂപപ്പെട്ട സാഹചര്യമുണ്ട്. കുഴികൾ പലതും ഗർത്തങ്ങളായി മാറി. ഇത് ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ ഭീഷണിയായി മാറിയിട്ടുണ്ട്. റോഡ് രണ്ട് കിലോമീറ്റർ ദൂരം പൂർണമായും തകർന്ന നിലയിലാണ്.

പ്രതിഷേധവുമായി ബി.ജെ.പി

രാമപുരം കൂത്താട്ടുകുളം റൂട്ടിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ പി.ഡബ്ലി.യു.ഡി അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ചു പ്രതിഷേധിച്ചു. ബി.ജെ.പി പാലാ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അനീഷ്. ജി കുഴിയടയ്ക്കൽ സമരപരിപാടി
ഉദ്ഘാടനം ചെയ്തു. ബി.ജെ.പി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ദീപു സി.ജി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, , പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ്, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി ജയകൃഷ്ണൻ, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ, പ്രസാദ് കോച്ചേരിയിൽ ശ്രീനിവാസൻ എം പി, സുനിൽ കിഴക്കേക്കര, തുടങ്ങിയവർ പങ്കെടുത്തു.