kali

കോട്ടയം. അവശ്യസാധനങ്ങളുടെ വില വർദ്ധനയ്ക്കൊപ്പം കാലിത്തീറ്റയുടെ വിലയും കൂടി. ഇതോടെ ചെറുകിട ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കൊവിഡ് കാലത്ത് ജോലി നഷ്ടമായി നിരവധി പേരാണ് ക്ഷീരമേഖലയിലേക്ക് തിരിഞ്ഞത്. എന്നാൽ കാലിത്തീറ്റയുടെ വില വർദ്ധന അടക്കമുള്ള പ്രശ്നങ്ങൾ മൂലം പലരും പിൻവാങ്ങി. പശുവിനെയും ആടിനെയും വളർത്തി കഴിഞ്ഞുപോന്നവരായിരുന്നു ഒരു കാലത്ത് കൂടുതൽ. എന്നാൽ, ഇന്ന് പോത്ത്, എരുമ എന്നിവയെ വളർത്തുന്നതാണ് ആദായകരമെന്നതിനാൽ ഒട്ടേറെ പേർ ആ വഴിക്കു തിരിഞ്ഞിട്ടുണ്ട്.

വാഴ, കപ്പ, കൈത, റബർ തുടങ്ങിയ കൃഷികളിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനെ തുടർന്ന് ക്ഷീര മേഖലയിലേയ്ക്ക് തിരിഞ്ഞവരാണ് കൂടുതലും. കടം വാങ്ങിയും മറ്റും ആരംഭിച്ച കന്നുകാലി, മൂരി വളർത്തലാണ് പ്രതിസന്ധിയിലായത്.

കെ.എസ് കാലിത്തീറ്റയ്ക്ക് ചാക്കിന് 1480 രൂപയാണ് വില. ഗുജറാത്തിൽ നിന്നും എത്തിക്കുന്ന അമുൽ ചാക്കിന് 1250 രൂപയാണ്. ഈറോഡിൽ നിന്ന് എത്തിക്കുന്ന എസ്.കെ.എമ്മിന് 1350 രൂപയും ഇസ്‌കോ കിസാന് 1300രൂപയും , കേരള ഫീഡ്‌സ് 1300 രൂപയാണ് വില. തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പുളിംപൊടി ചാക്കിന് 1450 രൂപയാണ്. ഗോതമ്പ് ഉമി 1230 രൂപ.

ഗോതമ്പ് ഉമിയും പിണ്ണാക്കുമാണ് ക്ഷീര കർഷകർ കൂടുതലായി വാങ്ങുന്നത്. മൂരി വളർത്തുന്നവർ കൂടുതലായും പുളിയരിയാണ് വാങ്ങുന്നത്. തീറ്റകൾക്ക് വില വർദ്ധിക്കുന്നതിനനുസരിച്ച്, കന്നുകാലി കർഷകർക്ക് പാലിന്റെ വിലയിലും, ആട്, പോത്ത് എന്നിവയുടെ വിലയിലും വർദ്ധന ഉണ്ടായാൽ മാത്രമേ

പിടിച്ചുനിൽക്കാനാവൂ.

മറ്റുള്ളവയുടെ വിലനിലവാരം. ഒരു കിലാേയ്ക്ക്.

കടല പിണ്ണാക്ക് 64 രൂപ.

എള്ള് പിണ്ണാക്ക് 46 രൂപ.

തേങ്ങാ പിണ്ണാക്ക് 35 രൂപ.

പരുത്തി പിണ്ണാക്ക് 45 രൂപ.

മെയ്‌സ് പൊടി 35 രൂപ.

അവൽ തവിട് 20രൂപ.

ചോളതവിട് 27രൂപ.

സോയ തവിട് 27രൂപ.

ഉഴുന്ന് തവിട് 25 രൂപ.

വ്യാപാരിയായ അനീഷ് ഗോപിനാഥൻ പറയുന്നു.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റ വില വർദ്ധിക്കാൻ ഇടയാക്കിയത്. വിലവർദ്ധന കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.