പാലാ: ''അമ്മമാരേ... ഈ സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും അറിവുണ്ടോ?, ഞങ്ങളെന്തൊക്കെയാണ് ഇതിൽ കളിക്കുന്നതെന്ന് ഒരു നിമിഷമെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? ഫ്രീഫയർ, റോബ്ലോക്‌സ് മാത്രമല്ല ഒരുപാട് നിഗൂഢമായ കളികളും ഫോണിലുണ്ടെന്ന് നിങ്ങളറിയണം'' രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഇന്നലെ എത്തിയ അമ്മമാർ കുട്ടികളുടെ വാക്കുകൾകേട്ട് അമ്പരന്നു. ഗുണങ്ങൾക്കൊപ്പം ഒരുപാട് ദോഷങ്ങളും മൊബൈൽ ഫോൺ പുതുതലമുറയ്ക്ക് സമ്മാനിക്കുന്നുണ്ടെന്നും മക്കൾ അമ്മമാർക്ക് പറഞ്ഞുകൊടുത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇന്നലെ വിദ്യർത്ഥികൾ, അമ്മമാർക്ക് ക്ലാസെടുത്തത്. 'അമ്മ അറിയാൻ ' എന്നുപേരിട്ട ഈ സൈബർ സുരക്ഷ സെമിനാറിൽ പുതിയ കാലത്തെ സ്മാർട്ട്‌ഫോണുകൾ അതിന്റെ സാങ്കേതിക വിദ്യകൾ, സുരക്ഷാ വിവരണം, സമൂഹമാദ്ധ്യമങ്ങളിലെ വാർത്തകളുടെ കാണാപ്പുറങ്ങൾ, സൈബർ ആക്രമണം, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റിന്റെ അനന്തസാദ്ധ്യതകൾ തുടങ്ങിയവയൊക്കെ വിദ്യാർത്ഥികൾ അമ്മമാർക്ക് പകർന്നുകൊടുത്തു. വിവിധ സെഷനുകളിലായി 150 അമ്മമാരാണ് പങ്കെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ എസ്. അഭിനവ് കൃഷ്ണ, ആദർശ് ഷിബു, അഭിജിത്ത് ബിജു, അലൻ സജി, ജസ്റ്റിൻ ജോമോൻ, അഗസ്റ്റിൻ ബിജു, നവീൻ രാജ്, അനന്തു സജീവൻ, ആൽബർട്ട് ബിജു സ്‌കറിയ, ബ്ലസൻ സോണി, അലൻ സോജൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാരായ നിജോമി പി. ജോസ്, ജൂലി ഇഗനേഷ്യസ് എന്നിവർ പ്രസംഗിച്ചു.