പാലാ : ലക്ഷക്കണക്കിന് മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും കുടിവെള്ളം നൽകുന്ന ഈ അമൃതവാഹിനിയോട് എന്തിനാണീ ക്രൂരത ചെയ്യുന്നത്.

ഇന്നലെ രാവിലെ മീനച്ചിലാറ്റിലൂടെ ഒഴുകിയത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്. ആരാണിതിന് ഉത്തരവാദികൾ. രാവിലെ 7 നും 8 നും ഇടയിലാണ് വൻതോതിൽ മാലിന്യം ഒഴുകിപ്പരന്നത്. കിഴക്കൻമേഖലകളിൽ എവിടെ നിന്നോ പ്ലാസിറ്റിക് മാലിന്യങ്ങൾ കൂട്ടത്തോടെ ആറ്റിൽ നിക്ഷേപിച്ചതാണെന്നാണ് സൂചന. ഇതിന് മുൻപും സാമന സംഭവമുണ്ടായിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇത് പതിവ്. അതിനാൽ പലരുടെയും ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകാറില്ല. മീനച്ചിൽ ആറ്റിലേക്കും സമീപ തോടുകളിലേക്കും മാലിന്യങ്ങൾ കൂട്ടത്തോടെ ഒഴുക്കുന്നത് ചില സ്വകാര്യ വ്യവസായ സ്ഥാപനങ്ങളാണെന്നാണ് ആക്ഷേപം. രാസവസ്തു കലർന്ന മാലിന്യം പോലും ഇങ്ങനെ ഒഴുക്കി വിടാറുണ്ട്. കക്കൂസ് മാലിന്യം ആറ്റിൽ ഒഴുക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇന്നലെ വൻതോതിൽ മാലിന്യം ഒഴുകിയതിനെ തുടർന്ന് ജനങ്ങളുടെ പരാതിപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആറ്റിൽ പരിശോധന നടത്തി.


രാവിലെ നടക്കാനിറങ്ങിയ ഞാൻ കണ്ടത്

ഇന്നലെ രാവിലെ 7 ഓടെ പതിവുപോലെ ഞാൻ നടക്കാനിറങ്ങിയതാണ്. ആറ്റുതീരത്തുകൂടി കുറച്ച് നടന്നപ്പോൾ വൻതോതിൽ മാലിന്യം ഒഴുകി വരുന്നത് കണ്ടു. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഒരു മണിക്കൂറോളം ഞാനിത് കണ്ടുനിന്നു. ഈ സമയത്തിനുള്ളിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒഴുകിയത്. ഈ അപരാധം കാണിച്ചവരെ എത്രയും വേഗം പിടികൂടേണ്ടതുണ്ടെന്നും അനിൽ വൈപ്പന പറഞ്ഞു.

കർശന നടപടി സ്വീകരിക്കണം

കുടിവെള്ള സ്രോതസ്സുകളായ മീനച്ചിലാറ്റിലേക്കും ളാലം തോട്ടിലേക്കും മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പാലാ മേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിരവധി മലിനജല ഓടകൾ മീനച്ചിൽ ആറ്റിലേക്ക് തുറന്നു വച്ചിരിക്കുന്നത് നേരിൽ കാണാമെന്ന് പരിഷത്ത് നേതാക്കളായ പി.വി.സോമശഖരൻ നായർ, കെ.ആർ. പ്രഭാകരൻ പിള്ള, ഡി. ജലജ, സുരേഷ് കുമാർ കെ.കെ., വിഷ്ണു പ്രാൺ, ജയകുമാർ.എ എന്നിവർ ചൂണ്ടിക്കാട്ടി. പാലായിൽ ഖര ദ്രവ മാലിന്യസംസ്‌കരണ സംവിധാനം ഏർപ്പെടുത്തണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.